ഹൈദരാബാദ് സർവകലാശാലയിലെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ സൗത്ത് ഫസ്റ്റ് എന്ന വെബ് പോർട്ടലിന്‍റെ റിപ്പോർട്ടർ സുമിത് ഷായെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു
ഹൈദരാബാദ്: ഹൈദരാബാദിൽ വീണ്ടും മാധ്യമ പ്രവർത്തകനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഫസ്റ്റ് എന്ന വെബ് പോർട്ടലിന്‍റെ റിപ്പോർട്ടർ സുമിത് ഷായെയാണ് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സർവകലാശാലയിലെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ സുമിതിനെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. സുമിത് ഷായെ പ്രസ് ഐഡി കാണിച്ചിട്ടും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഫോൺ പിടിച്ചെടുത്തു. പ്രതിഷേധിച്ച ശേഷമാണ് അത് തിരിച്ച് നൽകാൻ തയ്യാറായത്. നേരത്തെയും രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് രണ്ട് വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് വീട് കയറി അറസ്റ്റ് ചെയ്തിരുന്നു.
സർവകലാശാലയുടെ 400 ഏക്കർ ഭൂമി തെലങ്കാന വ്യവസായ വികസന കോർപ്പറേഷൻ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ക്യാമ്പസിൽ കഴിഞ്ഞ കുറച്ച് കാലമായി സമരം നടന്ന് വരികയാണ്. ഇന്ന് ഉച്ചയോടെ സ്ഥലത്ത് ജെസിബികൾ കൊണ്ട് വന്നതറിഞ്ഞ് എത്തിയ വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞു. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. ഇത് റിപ്പോർട്ട് ചെയ്യാനാണ് സുമിത് എത്തിയത്. വിദ്യാർത്ഥികളോട് സംസാരിച്ചു കൊണ്ടിരിക്കേ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. മലയാളികളടക്കം യൂണിയൻ നേതാക്കളും കസ്റ്റഡിയിലാണ്. മലയാളികൾ അടക്കമുള്ള വിദ്യാർത്ഥി യൂണിയൻ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആകെ 40 പേരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ പറയുന്നത്.