തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി ജനങ്ങൾ നടത്തുമെന്ന് പറഞ്ഞൊഴിയാതെ എങ്ങനെയാണ് വെട്ടിക്കട്ടിന് അനുമതി ലഭിക്കുക എന്ന് സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി ജനങ്ങൾ നടത്തുമെന്ന് പറഞ്ഞൊഴിയാതെ എങ്ങനെയാണ് വെട്ടിക്കട്ടിന് അനുമതി ലഭിക്കുക എന്ന് സുരേഷ് ഗോപി എം പി വ്യക്തമാക്കണമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ്. വിശ്വാസികളും, പൂരപ്രേമികളും കടുത്ത ആശങ്കയിലാണ്.
സ്വന്തം കാര്യ സാധ്യത്തിനായി എന്തും വിളിച്ചു പറയുമ്പോൾ ഇതുകൂടെ പറയാനുള്ള ഉത്തരവാദിത്വം കാണിക്കണം. ഇനി വ്യക്തിപരമായ നേട്ടത്തിനുള്ള അടുത്ത നാടകമാണോ ഇത്. ‘വെടക്കാക്കി തനിക്കാക്കലാണോ’. വെടിക്കെട്ട് സംബന്ധിച്ച പെസോ നിയമം ഭേദഗതി ചെയ്തത് 2024 ഒക്ടോബറിലാണ്. ഫയർ ലൈനിലേക്ക് മാഗസനിൽ നിന്ന് 200 മീറ്റർ അകലം തുടങ്ങിയുള്ള നിർദ്ദേശങ്ങൾ ഒട്ടും പ്രായോഗികമല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
പുറ്റിങ്ങിൽ അപകടത്തെ തുടർന്നാണ് ഇത്തരത്തിൽ നിർദ്ദേശം ഉണ്ടായതെന്നാണ് പറയുന്നത്. എന്നാൽ അത്തരത്തിൽ 45 മീറ്റർ എന്നത് 200 മീറ്റർ ആക്കിയതിന് ശാസ്ത്രീയമായ ഒരു അടിസ്ഥാനവുമില്ലെന്ന് മുൻ ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഓഫ് പെസോയും പുറ്റിങ്ങൽ അന്വേഷണ കമ്മിറ്റി അംഗവുമായ ആർ വേണുഗോപാൽ പറയുന്നു.
സ്വന്തം മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പിൻവലിക്കാൻ ഏറെ സമയമുണ്ടായിട്ടും പൂരം വിളിപ്പാട് അകലെ എത്തിയപ്പോൾ വ്യക്തതയില്ലാതെ മറുപടി പറയുന്നത് ശരിയല്ല. വെടിക്കെട്ട് വിവാദം തരികട പരിപാടിയെന്ന് പറഞ്ഞത് തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. പൂരം ഹൈടെക് ടെക്നോളജിയിൽ നടത്തുമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി സ്വന്തം വകുപ്പിന്റെ കീഴിലുള്ള പെസോ നിർദ്ദേശങ്ങളിൽ ഇടപെടാതെ തൃശ്ശൂരിനെയും ലക്ഷക്കണക്കിന് പൂരപ്രേമികളെയും കബളിപ്പിക്കുകയാണ്.
ഇനി അവസാന സമയം അനുമതി കൊടുത്ത് അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുള്ള മൂന്നാംകിട തന്ത്രമാണെങ്കിൽ അത് ഇനിയും തൃശ്ശൂരിന്റെ മണ്ണിൽ വിലപ്പോവില്ല. ഒക്ടോബർ മുതൽ സമയമുണ്ടായിട്ടും പൂരം വെടിക്കെട്ട് നടത്താൻ കേന്ദ്രത്തിന് ഒരു കത്ത് നൽകാൻ മാർച്ച് പകുതി വരെ കാത്തിരുന്ന മുഖ്യന്ത്രി പിണറായി വിജയന്റെ ആത്മാർത്ഥതയെ ഈ കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.
വേണമെങ്കിൽ ഇതിന്റെ പ്രാധാന്യത്തെ ചൂണ്ടികാണിക്കാൻ ഒരു മന്ത്രിതല സംഘത്തെ കേന്ദ്രത്തിലേക്ക് അയക്കാമായിരുന്നു, ഗുരുതരമായ വീഴ്ച സംസ്ഥാന സർക്കാരിന് ഉണ്ടായത്. കഴിഞ്ഞ കുറേ വർഷങ്ങളായി തൃശൂർ പൂരത്തെ മനപ്പൂർവ്വം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ആനയെഴുന്നള്ളിപ്പും എക്സിബിഷൻ തറവാടകയും വഴി സംസ്ഥാന സർക്കാരും വെടിക്കെട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരും ഒറ്റക്കെട്ടായി ദേവസ്വങ്ങളെ സമ്മർദത്തിലാക്കുകയാണ്.
പൂരം കലക്കൽ മാത്രമല്ല പുരം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ബോധപൂർവ്വം ഇരു ഗവൺമെന്റുകളും നടത്തുന്ന ഒത്തുകളിയാണ് അടിക്കടിയുണ്ടാകുന്ന മാർഗ്ഗ തടസ്സങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും എത്രയും വേഗം വെടിക്കെട്ട് നടത്തുവാൻ വേണ്ട നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പറഞ്ഞു.
സുരേഷ് ഗോപി എംപിയെ ലബനോനിലെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ച് പാത്രിയർക്കീസ് ബാവ