'യെ ദിൽ മാംഗെ മോർ'; ഓർമകളിൽ ക്യാപ്റ്റൻ സൗരഭ് കാലിയയും വിക്രം ബത്രയും, കാർഗിലിൽ വിജയ പതാക പാറിയിട്ട് 25 വർഷം

By Web Team  |  First Published Jul 22, 2024, 12:28 PM IST

ഒന്നുകിൽ ദേശീയ പതാക പാറിക്കും. അല്ലെങ്കിൽ അതിൽ പുതഞ്ഞ് മടങ്ങിയെത്തും- ഇങ്ങനെ സഹോദരൻ വിശാൽ ബത്രയോട് പറഞ്ഞാണ് വിക്രം യുദ്ധമുഖത്തേക്ക് നീങ്ങിയത്.


ദില്ലി: കാർഗിൽ മലനിരകളിൽ നുഴഞ്ഞു കയറിയ ശത്രുസൈന്യത്തെ തുരത്തി ഇന്ത്യയുടെ മണ്ണ് ധീര സൈനികർ വീണ്ടെടുത്തിട്ട് 25 ആണ്ട് പിന്നിടുന്നു. 527 സൈനികരാണ് രാജ്യത്തിനായി അന്ന് ജീവൻ നല്കിയത്. ഇന്ത്യയുടെ യുദ്ധ ചരിത്രത്തിൽ അമരത്വത്തിലേക്ക് പൊരുതി കയറിയ രണ്ട് ധീരൻമാരുടെ ഓർമ്മകളാണ് ഹിമാചൽ പ്രദേശിലെ പാലംപൂരിന് പങ്കു വയ്ക്കാനുള്ളത്.

രണ്ട് ധീര രക്തസാക്ഷികളുടെ വീടുകൾ അടുത്തടുത്താണ്. ഹിമാചലിലെ പാലംപൂരിന് ഒരു ധീരനെ നഷ്ടമായതാണ് കാർഗിൽ യുദ്ധത്തിന് തുടക്കം കുറിച്ചത്. മഞ്ഞുകാലത്തിനു ശേഷമുള്ള അതിർത്തിയിലെ സാഹചര്യം പരിശോധിക്കാൻ പട്രോളിംഗിന് ഇറങ്ങിയ ക്യാപറ്റൻ സൗരഭ് കാലിയ ആണ്, പാകിസ്ഥാൻ സേനയുടെ നുഴഞ്ഞുകയറ്റം ആദ്യം മനസ്സിലാക്കിയത്. പാക് സേനയുടെ പിടിയിലായ ക്യാപ്റ്റൻ കാലിയയേയും അഞ്ചു സൈനികരെയും ക്രൂരമായി കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്ന്നെടുത്ത് മൃതദ്ദേഹങ്ങൾ കൈമാറിയതിനാണ് കാർഗിൽ കുന്നുകളിൽ ഇന്ത്യ തിരിച്ചടി നല്കിയത്. ഈ ക്രൂരതയ്ക്ക് പാകിസ്ഥാനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കാൻ അന്താരാഷ്ട്ര കോടതികളെ വരെ അച്ഛൻ എൻ കെ കാലിയ സമീപിച്ചെങ്കിലും വിജയിച്ചിട്ടില്ല. കാർഗിൽ യുദ്ധത്തിൻറെ ഇരുപതാം വാർഷികത്തിൽ ഈ ദുഖം എൻ കെ കാലിയ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചിരുന്നു. അഞ്ചു കൊല്ലത്തിനിപ്പുറവും ഒന്നും സംഭവിച്ചില്ലെന്ന് എൻ കെ കാലിയ അറിയിച്ചു. ഈ ക്രൂരതയ്ക്ക് പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ സാങ്കേതിക തടസ്സങ്ങളിൽ തട്ടിനിൽക്കുന്നു.

Latest Videos

undefined

'യെ ദിൽ മാംഗെ മോർ'- കാർഗിലിൽ നിന്ന് രാജ്യത്തിനും സൈന്യത്തിനും ആവേശം നല്കിയ സന്ദേശം നല്കിയ ക്യാപ്റ്റൻ വിക്രം ബത്ര ഇന്ന് ഇന്ത്യയിലെ ഇതിഹാസ നായകരിൽ ഒരാളാണ്. ദ്രാസിലെ പോയിൻറെ 5140 മലനിരയിലേക്ക് വെടിയുണ്ടകൾ വകവയ്ക്കാതെ വലിഞ്ഞുകയറി പിടിച്ചെടുത്ത ശേഷം വിക്രം ബത്ര വയർലെസിലൂടെയാണ് ഈ സന്ദേശം നല്കിയത്. ആ ഓപ്പറേഷനിൽ പരിക്കേറ്റ ബത്ര വിശ്രമിക്കാൻ തയ്യാറായില്ല. ക്യാപ്റ്റൻ റാങ്ക് നല്കി സൈന്യം ആദരിച്ച ബത്ര ശത്രുക്കളെ കീഴ്പ്പെടുത്താൻ അടുത്ത നീക്കത്തിന് ഇറങ്ങി. ഒരു സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിക്രം ബത്രയ്ക്ക് ശത്രുക്കളുടെ വെടിയേറ്റത്

ഒന്നുകിൽ ദേശീയ പതാക പാറിക്കും. അല്ലെങ്കിൽ അതിൽ പൊതിഞ്ഞ് മടങ്ങിയെത്തും- ഇങ്ങനെ സഹോദരൻ വിശാൽ ബത്രയോട് പറഞ്ഞാണ് വിക്രം യുദ്ധമുഖത്തേക്ക് നീങ്ങിയത്. കാർഗിലിൽ പാറിയ വിജയ പതാകയ്ക്ക് രാജ്യം ഈ ധീര സൈനികരോട് കടപ്പെട്ടിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!