കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കങ്കണ, അപലപിച്ച് ബിജെപി; ഒടുവിൽ മാപ്പ് പറഞ്ഞ് താരം

By Web Team  |  First Published Sep 25, 2024, 1:31 PM IST

കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന കങ്കണയുടെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി രംഗത്തെത്തിയിരുന്നു. 


ദില്ലി: കർഷക സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിൻവലിച്ച് നടിയും എംപിയുമായ കങ്കണ റണൌട്ട്. തന്റെ വാക്കുകൾ നിരവധിയാളുകളെ നിരാശപ്പെടുത്തിയതായി മനസിലായെന്നും പറഞ്ഞത് പിൻവലിക്കുകയായണെന്നും കങ്കണ വ്യക്തമാക്കി. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കങ്കണയുടെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് കങ്കണ നിലപാടിൽ നിന്ന് പിന്നോട്ട് പോയത്. 

'ഞാൻ ഇപ്പോൾ വെറുമൊരു അഭിനേത്രി മാത്രമല്ല, ഒരു രാഷ്ട്രീയ പ്രവർത്തക കൂടിയാണെന്ന് സ്വയം ഓർമ്മിക്കേണ്ടിയിരിക്കുന്നു. അതിനാൽ എന്റെ അഭിപ്രായങ്ങൾ വ്യക്തിപരമായി മാത്രം കണക്കാക്കപ്പെടുകയില്ല. അത് എന്റെ പാർട്ടിയെ കൂടിയാണ് പ്രതിഫലിപ്പിക്കുക. അതിനാൽ എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ എന്റെ വാക്കുകൾ പിൻവലിക്കുന്നു'. കങ്കണ പറഞ്ഞു.

Latest Videos

undefined

കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പിൻവലിച്ച മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കങ്കണ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ രംഗത്തെത്തിയിരുന്നു. കങ്കണ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപിയുടെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ നിലപാട് പറയാൻ കങ്കണയ്ക്ക് അധികാരമില്ലെന്നും കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

READ MORE: ബെയ്റൂട്ടിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

click me!