കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് വീട്ടിലെ രേഖകളൊക്കെ എടുത്ത് മറിച്ച് നോക്കാൻ സമയം കിട്ടിയത്. അതിനുള്ളിൽ തന്റെ ജീവിതം മാറിമറിയുന്ന ഒരു രേഖയുണ്ടെന്ന് അവർ അപ്പോൾ അറിഞ്ഞിരുന്നില്ല.
ബംഗളുരു: കൊവിഡ് കാലത്ത് ഓഫീസുകൾ അടച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് 2020ൽ ആണ് പ്രിയ ശർമ എന്ന യുവതിയുടെ ജീവിതം അപ്പാടെ മാറ്റിമറിക്കുന്ന ഒരു സംഭവമുണ്ടായത്. പഴയ രേഖകൾ പരതുന്നതിനിടയിൽ തന്റെ മുത്തച്ഛന്റെ വിൽപ്പത്രം പ്രിയയുടെ ശ്രദ്ധയിൽപ്പെട്ടു. ഇത് വായിച്ച് നോക്കിയപ്പോഴാണ് അദ്ദേഹം വാങ്ങിയ കുറച്ച് ഓഹരികളെക്കുറിച്ചുള്ള വിവരങ്ങൾ അതിലുള്ളതായി മനസിലായത്.
ബ്ലുചിപ്പ് കൺസ്ട്രക്ഷൻ കമ്പനിയായ ലാർസൻ ആന്റ് ടർബോയുടെ (എൽ ആന്റ് ടി) 500 ഓഹരികളാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് മുത്തച്ഛൻ വാങ്ങിയത്. പിന്നീട് കാലങ്ങളോളം അവയെക്കുറിച്ച് ആർക്കും വലിയ ധാരണയുണ്ടായിരുന്നില്ല. ഇക്കാലയളവിൽ ഓഹരികളുടെ എണ്ണവും മൂല്യമുമെല്ലാം വർദ്ധിച്ചു. പ്രിയയുടെ ജീവിതം തന്നെ മാറിമറിയുന്നത്രയായിരുന്നു ഓഹരികളുടെ മൂല്യം. അന്നത്തെ 500 ഓഹരികൾ ബോണസ് ഷെയറുകളും സ്റ്റോക്ക് സ്പ്ലിറ്റുകളും കൂടിയായപ്പോൾ 4500 ഓഹരികളായി വർദ്ധിച്ചു. അധിക പണം മുടക്കാതെ 500 ഓഹരികൾ കാലങ്ങൾ കൊണ്ട് 4500 ഓഹരികളായി മാറിയെന്ന് അർത്ഥം.
undefined
ഓഹരികളുടെ എണ്ണം ഏതാണ്ട് ഒൻപത് മടങ്ങ് വർദ്ധിച്ചപ്പോൾ അവയുടെ മൂല്യം പലമടങ്ങ് വർദ്ധിച്ചു. ഏതാണ്ട് 1.72 കോടി രൂപയായിരുന്നു പ്രിയ കണ്ടെടുക്കുമ്പോൾ ഇവയുടെ മൂല്യം. എന്നാൽ ഇത്രയും ഓഹരികൾ ഉണ്ടെന്ന് അറിഞ്ഞതിനപ്പുറം അത് വീണ്ടെടുക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഔദ്യോഗിക നടപടിക്രമങ്ങളും അതിന് പുറമെ ഓഹരി വിപണിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കമ്പനിയിൽ നിന്ന് പൂർത്തിയാക്കേണ്ട നൂലാമാലകളുമൊക്കെയായി വളരെ വലിയൊരു പരിശ്രമം വേണ്ടി വരുമെന്ന് ബംഗളുരുവിൽ താമസിക്കുകയായിരുന്ന പ്രിയക്ക് മനസിലായി. തുടർന്ന് ഇത്തരത്തിൽ നഷ്ടമായ ഓഹരികൾ വീണ്ടെടുക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന ഒരു പ്രൊഫഷണൽ ഏജൻസിയുടെ സഹായം തേടുകയായിരുന്നു.
ഓഹരികളുടെ എണ്ണം വലുതാണെങ്കിലും അവയുമായി ബന്ധപ്പെട്ട രേഖകളൊന്നും പ്രിയയുടെ കൈവശമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നിരവധി അന്വേഷണങ്ങളും പരിശോധനകളും വേണ്ടിവന്നു ഓഹരി രേഖകളുടെ പകർപ്പ് കിട്ടാൻ. മുത്തച്ഛന്റെ വിൽപ്പത്രത്തിന്റെ സാധുത പരിശോധനയും അതിന്റെ ഔദ്യോഗിക നടപടിക്രമങ്ങളും വേറെ. ഇതിനൊക്കെ പുറമെ മുത്തച്ഛൻ ഓഹരി രേഖകളിൽ നൽകിയിരുന്ന പേരും അദ്ദേഹത്തിന്റെ ഔദ്യോഗിക രേഖകളിലും പേരും ചെറിയ തോതിൽ വ്യത്യസ്തവുമായിരുന്നു. ഇത് സാധൂകരിക്കാനും അനവധി കടമ്പകൾ പിന്നിട്ടു.
ഓഹരികളുടെ മൂല്യം വളരെ ഉയർന്നതായിരുന്നതിനാൽ കമ്പനി ആൾ ജാമ്യം ഉൾപ്പെടെ ആവശ്യപ്പെട്ട ശേഷമാണ് ഓഹരി രേഖകളുടെ പകർപ്പ് നൽകിയതും. കമ്പനി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനയും നടത്തി. ഒരു വർഷത്തിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ പ്രിയയ്ക്ക് ഓഹരി രേഖകൾ എൽ ആന്റ് ടിയിൽ നിന്ന് സ്വന്തം പേരിൽ ലഭ്യമായിരിക്കുകയാണ് ഇപ്പോൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം