ഹരിയാനയും കശ്മീരും ആര് ഭരിക്കും, പ്രതീക്ഷയോടെ 'ഇന്ത്യ'യും എൻഡിഎയും; തത്സമയ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിൽ അറിയാം

By Web TeamFirst Published Oct 8, 2024, 1:08 AM IST
Highlights

തെരഞ്ഞെടുപ്പ് ഫലം തത്സമയം പ്രേക്ഷകരിലെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും സജ്ജമായിട്ടുണ്ട്. രാവിലെ മുതൽ തന്നെ സമഗ്ര വിവരങ്ങളും തത്സമയം പ്രേക്ഷകരിലേക്കെത്തും

ദില്ലി: ഹരിയാന, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് ഇന്നറിയാം. രണ്ട് നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിക്കും. ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും, ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രണ്ടിടങ്ങളിലും ബി ജെ പിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്. തെരഞ്ഞെടുപ്പ് ഫലം തത്സമയം പ്രേക്ഷകരിലെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും സജ്ജമായിട്ടുണ്ട്. രാവിലെ 7 മുതൽ തന്നെ സമഗ്ര വിവരങ്ങളും തത്സമയം പ്രേക്ഷകരിലേക്കെത്തും.

വിശദവിവരങ്ങൾ ഇങ്ങനെ

Latest Videos

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടന്ന ഹരിയാന, കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏറെ നിർണായകമാണ്. ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയും ഇന്ത്യ സഖ്യവും അവസാന മണിക്കൂറുകളിലും വിജയ പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.

ഹരിയാനയിൽ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. എക്സിറ്റ് പോൾ പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹുഡ ദില്ലിയിലെത്തി എ ഐ സി സി നേതൃത്വത്തെ കണ്ടിരുന്നു. കര്‍ഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളും പ്രതിഷേധം ഏറ്റവുമൊടുവിവല്‍ അമിത് ഷായുടെ യോഗത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസില്‍ വന്ന് കയറിയ അശോക് തന്‍വറിന്‍റെ നീക്കമടക്കം തിരിച്ചടിയാകാന്‍ സാധ്യതയുള്ള പല ഘടകളങ്ങളും ബി ജെ പിക്ക് മുന്നിലുണ്ട്.

പത്ത് വര്‍ഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്ന കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൂരിപക്ഷം എക്സിറ്റ് പോളുകളും ആ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സീറ്റെണ്ണത്തില്‍ കുറവുണ്ടായാല്‍ അത് പരിഹരിക്കാന്‍ സഖ്യത്തിലേക്ക് പി ഡി പിയെ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂക്ക് അബ്ദുള്ള ക്ഷണിച്ചു കഴിഞ്ഞു. തൂക്ക് സഭക്ക് സാധ്യത തെളിഞ്ഞാല്‍ സ്വതന്ത്രന്മാരുടെ നിലപാടും, അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ലഫ്. ഗവര്‍ണ്ണറുടെ സവിശേഷാധികാരവുമൊക്കെ നിര്‍ണ്ണായക ഘടകങ്ങളാകും.

അവസാന മണിക്കൂറുകൾ! പോയാൽ 500, അടിച്ചാൽ 25 കോടി; തിരുവോണം ബമ്പർ വിൽപ്പന 70 ലക്ഷത്തിലേക്ക്, നാളെ നറുക്കെടുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!