Latest Videos

ഇനി പരീക്ഷയുടെ മാർക്ക് മാത്രമല്ല, വെറെയും പല കാര്യങ്ങളുണ്ട്; വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റം വരുന്നു

By Web TeamFirst Published Jul 2, 2024, 12:05 PM IST
Highlights

ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. നിലവിലെ അദ്ധ്യയന വർഷത്തിൽ എച്ച്.പി.സി നിലവിൽ വരില്ലെങ്കിലും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ഇതിന് വേണ്ട പരിശീലനം നൽകും

ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡിൽ പുതുമ വരുത്തി എൻ.സി.ഇ.ആ‍ർ.ടി മാർക്കിനപ്പുറം വിദ്യാർത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകൾക്കും പ്രാധാന്യം നൽകുന്നതാവും റിപ്പോർട്ട്. എൻ.സി.ഇ.ആ‍ർ.ടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുകൾ തയ്യാറാക്കുന്നത്.

എഴുത്തു പരീക്ഷയ്ക്കും മാർക്കിനുമപ്പുറം കുട്ടികളിൽ പ്രായോഗിക അറിവും ക്രിയാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻ.സി.ഇ.ആ‍ർ.ടി പുതിയ പ്രോഗ്രസ് കാർഡുകൾക്ക് രൂപം നൽകുന്നത്. ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് എന്ന പേരിലാകും പുതിയ സംവിധാനം. ഇന്‍റേണൽ മാർക്കിന് പകരം വിദ്യാർത്ഥികളുടെ ഒരു വർഷത്തെ അക്കാദമിക പ്രകടനമാകും വിലയിരുത്തുക. ടൈം മാനേജേമെന്‍റ് , പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ , നൈപുണ്യങ്ങളിലെ മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്താൻ കഴിയുന്ന ഭാഗങ്ങൾ റിപ്പോർട്ട് കാർഡിലുണ്ടാകും.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷമുളള പഠനത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ചിന്തിച്ച് തുടങ്ങാനും എച്ച്.പി.സി യിൽ അവസരമുണ്ട്. എൻ.സി.ഇ.ആ‍ർ.ടിയുടെ കീഴിൽ കുട്ടികളുടെ മികവും പഠനരീതികളും പരിശോധിക്കുന്ന PARAKH ആണ് സെക്കൻഡറി സ്കൂൾ തലത്തിൽ റിപ്പോർട്ട് കാർഡുകൾ തയ്യാറാക്കുന്നത്. 

ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണോ എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. നിലവിലെ അദ്ധ്യയന വർഷത്തിൽ എച്ച്.പി.സി നിലവിൽ വരില്ലെങ്കിലും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും ഇതിന് വേണ്ട പരിശീലനം നൽകും. ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രോഗ്രസ് കാർഡ് നടപ്പിലാക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!