ബിഗ് ബില്യൻ ഡേയിൽ വാങ്ങിയ ഐഫോൺ വന്നത് 'വലിയ പെട്ടിയിൽ'; വീഡിയോ ഇല്ലെങ്കിൽ പറ്റിക്കപ്പെടുമായിരുന്നെന്ന് യുവതി

By Web TeamFirst Published Sep 30, 2024, 10:09 PM IST
Highlights

ആദ്യം ഒരാൾ വലിയ പെട്ടിയുമായെത്തി. കാര്യം നടക്കില്ലെന്നായപ്പോൾ കുറേപ്പേരെ കൂടി വിളിച്ചുവരുത്തി. ഓപ്പൺ ബോക്സ് ഡെലിവറി എന്നൊരു പരിപാടിയേ ഇല്ലെന്ന് അവരെല്ലാവരും പറഞ്ഞു. 

ബംഗളുരു: വിവിധ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വൻ വിലക്കുറവോടെ വാർഷിക ഷോപ്പിങ് ഉത്സവങ്ങൾ നടത്തുന്ന സമയമായതു കൊണ്ടു തന്നെ അവസരം മുതലാക്കി തട്ടിപ്പുകാരും വ്യാപകമായി രംഗത്തെത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ബംഗളുരു സ്വദേശിയായ യുവതി ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൻ ഡേയിൽ ഐഫോൺ 15 വാങ്ങിയ അനുഭവമാണ് റെഡിറ്റിൽ ഇതിനൊരു ഉദാഹരണമായി വിവരിച്ചിരിക്കുന്നത്. 

ഐഫോൺ 15ന്റെ 256 ജിബി വേരിയന്റ് ഓർഡർ ചെയ്ത ശേഷം സുതാര്യത ഉറപ്പാക്കാൻ ഓപ്പൺ ബോക്സ് ഡെലിവറിയാണ് തെരഞ്ഞെടുത്തത്. ഉപഭോക്താവിന്റെ മുന്നിൽ വെച്ച് ഡെലിവറി എക്സിക്യൂട്ടീവ് ഉത്പന്നത്തിന്റെ ബോക്സ് പൊട്ടിച്ച് പരിശോധിക്കുകയും ശരിയായ സാധനമാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ഉറപ്പാക്കുകയും ചെയ്യുന്ന രീതിയാണിത്. ഇത് ബോധ്യപ്പെട്ടാൽ ഉപഭോക്താവ് തന്റെ കൈവശമുള്ള ഒടിപി പറഞ്ഞ് കൊടുക്കണം. അതിന് ശേഷം മാത്രമേ ഡെലിവറി ജീവനക്കാരന് അത് വിതരണം പൂർത്തീകരിക്കാൻ കഴിയൂ. 

Latest Videos

എന്നാൽ യുവതി ഓർഡർ ചെയ്ത ഫോണുമായി എത്തിയ ഡെലിവറി എക്സിക്യൂട്ടീവ് അത് തുറന്നുകാണിക്കാൻ തയ്യാറായില്ല. വലിയൊരു ബോക്സാണ് ഇയാൾ കൊണ്ടുതന്നതും. ഇതോടെ യുവതിയുടെ സഹോദരൻ എല്ലാം വീഡിയോയിൽ റെക്കോർഡ് ചെയ്യാൻ തുടങ്ങി. പാക്കറ്റ് തുറന്നുകാണിക്കാതെ താൻ സ്വീകരിക്കില്ലെന്ന് നിലപാട് എടുത്തു. 

ബോക്സ് വാങ്ങാതെ വന്നപ്പോൾ ഡെലിവറി എക്സിക്യൂട്ടീവ് മറ്റ് ചിലരെ ഫോണിൽ വിളിച്ചു. ഏതാനും പേർ സ്ഥലത്തെത്തി. ഓപ്പൺ ബോക്സ് ഡെലിവറി എന്നൊരു സംവിധാനം ഇല്ലെന്ന് അവരെല്ലാവരും പറഞ്ഞു. എന്നാൽ വീഡിയോ റെക്കോർഡ് ചെയ്യുന്നത് കൊണ്ട് അൽപം ഭയം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. എല്ലാം വീഡിയോയിൽ പകർത്തുന്നുണ്ടെന്ന് ഒപ്പമുള്ളവ‍ർ കന്നടയിൽ പറയുന്നുണ്ടായിരുന്നു. എന്തായാലും ഫോൺ വാങ്ങാൻ യുവതി തയ്യാറായില്ല.

രണ്ട് മിനിറ്റുകൾക്ക് ശേഷം മറ്റൊരു ഡെലിവറി എക്സിക്യൂട്ടീവ് സ്ഥലത്തെത്തി. അയാൾ മറ്റൊരു ചെറിയ ബോക്സ് കൊണ്ടുവന്നു. ഓപ്പൺ ബോക്സ് ഡെലിവറിക്ക് തയ്യാറാണെന്നും അയാൾ അറിയിച്ചു. പിന്നീട് ശരിയായ ഉത്പന്നം തന്നെ കിട്ടിയെന്നും യുവതി പറയുന്നു. എല്ലാം വീഡിയോയിൽ റെക്കോർഡ് ചെയ്തത് കൊണ്ട് മാത്രമാണ് തനിക്ക് യഥാർത്ഥ ഉത്പന്നം കിട്ടിയതെന്നും അല്ലെങ്കിൽ മറ്റ് എന്തോ സാധനം തന്ന് കബളിപ്പിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും യുവതി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!