ലക്ഷങ്ങൾ മുടക്കി ജോലിക്കായി റഷ്യയിൽ പോയി; സൈന്യം യുദ്ധത്തിനയച്ചു, ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടതായി കുടുംബം

By Web Team  |  First Published Jul 30, 2024, 1:16 PM IST

ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സഹോദരനെ റഷ്യയിലേക്ക് ജോലിക്കായി അയച്ചതെന്ന് സഹോദരന്‍ പറഞ്ഞു. 


ചണ്ഡിഗഡ്: യുക്രൈയ്നെതിരായി യുദ്ധം ചെയ്യുന്നതിനായി റഷ്യന്‍ സൈന്യം അയച്ച ഇന്ത്യക്കാരന്‍ മരിച്ചതായി കുടുംബം. 22കാരനായ ഹരിയാന സ്വദേശി രവി മൗനിന്‍റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. 

ഹരിയാനയിലെ കൈതല്‍ ജില്ലയിലെ മാതൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രവി മൗനിന്‍റെ മരണം മോസ്കോയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചതായി സഹോദരന്‍ അജയ് മൗനിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അജയ് മൗന്‍ പറയുന്നതനുസരിച്ച് ജനുവരി 13നാണ് രവി മൗന്‍ റഷ്യയിലേക്ക് പോയത്. ഗതാഗതവുമായി ബന്ധപ്പെട്ട ജോലിക്കായാണ് ഇദ്ദേഹം റഷ്യയിലേക്ക് പോയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ സൈന്യത്തിലേക്ക് ചേര്‍ക്കുകയായിരുന്നു.

Latest Videos

undefined

Read Also -  ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ടയര്‍ ഊരിപ്പോയി, റോഡിലേക്ക് തെറിച്ചു വീണ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

സഹോദരന്‍റെ വിവരങ്ങള്‍ അന്വേഷിച്ച് ജൂലൈ 21ന് അജയ് മൗന്‍ ഇന്ത്യന്‍ എംബസിക്ക് കത്തെഴുതി. ഇതിന് മറുപടിയായാണ് രവി മൗന്‍ മരിച്ച വിവരം ഇന്ത്യന്‍ എംബസി അറിയിച്ചത്. മൃതദേഹം തിരിച്ചറിയാല്‍ ഡിഎന്‍എ പരിശോധനാ ഫലം അയയ്ക്കാനും എംബസി ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു. തന്‍റെ സഹോദരനെ റഷ്യന്‍ സൈന്യം യുക്രൈനെതിരായ യുദ്ധമുഖത്തേക്ക്  പോകാന്‍ നിര്‍ബന്ധിച്ചതാണെന്നും പോയില്ലെങ്കില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞതായും അജയ് മൗന്‍ ആരോപിച്ചു. 

ട്രഞ്ച് കുഴിക്കാന്‍ പരിശീലിപ്പിക്കുകയും പിന്നീട് യുദ്ധത്തിന് അയയ്ക്കുകയുമായിരുന്നു. മാര്‍ച്ച് 12 വരെ സഹോദരനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നെന്നും വളരെ അസ്വസ്ഥനായിരുന്നെന്നും അജയ് പറഞ്ഞു. ഏജന്‍റ് വഴിയാണ് രവി മൗന്‍ റഷ്യയിലേക്ക് ജോലിക്കായി പോയത്. ഇതിനായി കുടുംബം ഒരു ഏക്കര്‍ സ്ഥലം വിറ്റതിലൂടെ ലഭിച്ച 11.50 ലക്ഷം രൂപ ചെലവാക്കിയെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാന്‍ പണം ഇല്ലെന്ന് അജയ് പറഞ്ഞു. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!