സുരക്ഷിത കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്പനങ്ങൾ മാത്രമേ അനുവദിക്കൂ എന്ന തരത്തിലേക്ക് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ന്യൂഡൽഹി: സിസിടിവി ക്യാമറകൾ ഉൾപ്പെടെ ചൈനീസ് നിർമിത നിരീക്ഷണ ഉപകരണങ്ങൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ലെബനോനിൽ നടന്ന പേജർ സ്ഫോടനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം ആലോചിക്കുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. സിസിടിവി മേഖലയിലെ ഇന്ത്യൻ കമ്പനികൾക്ക് കൂടി പ്രയോജനപ്രദമാകുന്ന തരത്തിൽ മാർഗനിർദേശങ്ങൾ രൂപീകരിച്ച് നടപ്പാക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ഊർജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലൈബനോനിലെ പേജർ സ്ഫോടനങ്ങലുടെ കൂടി പശ്ചാത്തലത്തിൽ ചില നിർണായകമായ ഉപകരണങ്ങളുടെയും അവയുടെ ഘടകങ്ങളുടെയും വിപണന വിതരണ കാര്യത്തിൽ സർക്കാർ കുറേക്കൂടി കർശനമായ നിരീക്ഷണം കൊണ്ടുവരുമെന്നുമാണ് വ്യവസായ രംഗത്ത് നിന്നുള്ള അഭിപ്രായമായി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. നിരീക്ഷണ ക്യാമറകളുടെ കാര്യത്തിൽ സർക്കാർ കൊണ്ടുവരുന്ന പുതിയ നയം ഒക്ടോബർ എട്ടാം തീയ്യതി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ ഫലത്തിൽ ചൈനീസ് കമ്പനികളെ ഇന്ത്യൻ വിപണിയിൽ നിന്ന് ഒഴിവാക്കുകയും പകരം സ്വദേശി ഉത്പന്നങ്ങൾക്ക് കൂടുതൽ അവസരം തുറക്കുകയും ചെയ്യുമെന്ന സാധ്യതയും ഇതോടൊപ്പമുണ്ട്.
undefined
പുതിയ നയത്തിന്റെ ഗസറ്റ് വിജ്ഞാപനം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുറത്തുവന്നിട്ടുണ്ടെങ്കിലും ലെബനോനിലെ പേജർ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഇവ നടപ്പാക്കുന്നതിനും സുരക്ഷ മുൻനിർത്തി കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനും സാധ്യത കൽപിക്കപ്പെടുന്നുണ്ട്. സിസിടിവി ക്യാമറകളുടെ കാര്യത്തിൽ അവ 'സുരക്ഷിത കേന്ദ്രങ്ങളിൽ' നിന്ന് ഉള്ളതായിരിക്കണമെന്നും അത്തരം കമ്പനികളെ മാത്രമേ ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ അനുവദിക്കൂ എന്നുമാണ് നിലപാട്.
നിലവിൽ സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ ഉകരണങ്ങളുടെ ഇന്ത്യയിലെ വിപണിയിൽ 60 ശതമാനവും കൈയാളുന്നത് മൂന്ന് കമ്പനികളാണ്. ഇവയിൽ രണ്ടെണ്ണവും ചൈനീസ് കമ്പനികളാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ശക്തമായ നിയന്ത്രണം കൊണ്ടുവരികയാണെങ്കിൽ പ്രാദേശികമായി ഉത്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന സംവിധാനത്തിലേക്ക് ഈ കമ്പനികൾക്ക് മാറേണ്ടി വരുമെന്നാണ് സൂചന. രണ്ട് വർഷം മുമ്പ് ഈ രണ്ട് കമ്പനികളുടെയും സിസിടിവി ക്യാമറകൾക്ക് യു.എസ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദേശ സുരക്ഷയ്ക്ക് ഭീഷണി ഉയർത്താനുള്ള സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം