പൂജയുടെ അമ്മയും ചില്ലറക്കാരിയല്ല! കർഷകനോട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വീഡിയോ പുറത്ത്

By Web Team  |  First Published Jul 12, 2024, 4:47 PM IST

സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ആരോപണമുയര്‍ന്നു.


മുംബൈ: ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്തതിന് സ്ഥലം മാറ്റം കിട്ടിയ ഐഎഎസ് ഉദ്യോ​ഗസ്ഥ പൂജാ ഖേഡ്കർ കൂടുതൽ കുരുക്കിലേക്ക്. ഇവരുടെ അമ്മ കർഷകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. പൂജയുടെ പിതാവ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ദിലീപ് ഖേദ്കർ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പൂനെ ജില്ലയിലെ മുൽഷി താലൂക്കിൽ 25 ഏക്കർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഭൂമി വാങ്ങുകയും ചെയ്തുവെന്നും ആരോപണമുയർന്നു.  ഇവരുടെ ഭൂമിയുടെ സമീപത്തെ കർഷകരുടെ ഭൂമിയും കുടുംബം കൈവശപ്പെടുത്താൻ ശ്രമിച്ചതായി നാട്ടുകാർ ആരോപിച്ചു.

കർഷകർ എതിർത്തതോടെ പൂജയുടെ അമ്മ മനോരമ ഖേദ്കർ ആളുകളെയും കൂട്ടിയെത്തി തോക്കുമായി കർഷകരെ ഭീഷണിപ്പെടുത്തി. നാട്ടുകാരിലൊരാളാണ് വീഡിയോ പകർത്തിയത്. മനോരമ ഖേദ്കർ കൈയിൽ തോക്കുമായി കർഷകമോട് കയർക്കുന്നത് വീഡിയോയിൽ കാണാം. തോക്ക് വീശിയാണ് ഇവർ സംസാരിക്കുന്നത്. പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും അവർ പിന്തിരിപ്പിച്ചതായും കർഷകർ ആരോപിച്ചു. 

Latest Videos

undefined

അധികാര ദുർവിനിയോഗം ആരോപിച്ച് പ്രൊബേഷണറി ഡോ. പൂജ ഖേദ്കറെ മഹാരാഷ്ട്ര സർക്കാർ പൂണെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. വാഷിമിൻ്റെ സൂപ്പർ ന്യൂമറി അസിസ്റ്റൻ്റ് കളക്ടറായാണ് സ്ഥലം മാറ്റിയത്. പുണെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചിരുന്നു. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നിവ ഉൾപ്പെടുന്ന ആവശ്യങ്ങളും ഖേദ്കർ ഉന്നയിച്ചു. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് മേൽപ്പറഞ്ഞ സൗകര്യങ്ങൾ നൽകില്ല.

Read More.... ഐഎഎസ് നേടാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകളും വ്യാജമോ...; സിവിൽ സർവീസ് നേടിയതിൽ ദുരൂഹത ഉയർത്തി ആരോപണം

സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ആരോപണമുയര്‍ന്നു. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Asianet News Live
 

click me!