ഭ‍ർത്താവിന് ചായ വേണം, ഭാര്യയ്ക്കിഷ്ടം പാൽ; ചായ അടിച്ചേൽപ്പിക്കുന്നെന്ന് ആരോപിച്ച് പൊലീസ് കേസ്, ഒടുവിൽ സമാധാനം

By Web Team  |  First Published Oct 7, 2024, 2:50 PM IST

ധാരാളം പശുക്കളും എരുമകളും ഒക്കെയുള്ള വീട്ടിൽ വള‌ർന്നുവന്ന തനിക്ക് ചായ കുടിക്കുന്ന ശീലമില്ലെന്നും തന്റെ വീട്ടിൽ ആരും ചായ കുടിക്കാറില്ലെന്നും യുവതി കൗൺസിലിങിനിടെ പറഞ്ഞു.


ആഗ്ര: വീട്ടിലുണ്ടാക്കുന്ന ചായയുടെയും പാലിന്റെയും പേരിൽ  പരാതിയുമായി എത്തിയ നവദമ്പതികളുടെ അവസ്ഥ ആലോചിച്ച് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു ഉത്തർപ്രദേശിലെ ആഗ്രയിലെ പൊലീസുകാർ. കാര്യം വളരെ നിസാരമായിരുന്നെങ്കിലും സംസാരിച്ച് മൊത്തത്തിൽ വഷളായി. അപ്പോൾ പിന്നെ മറ്റ് ആരോപണങ്ങളുമുണ്ടായി. ഒടുവിൽ ഇരുവരെയും പൊലീസുകാർ ഇടപെട്ട് കുടുംബ കൗൺസിലിങിന് അയച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയിരിക്കുകയാണ് പൊലീസ്.

കഴിഞ്ഞ ഏപ്രിലിൽ വിവാഹിതരായ ദമ്പതികളാണ് കേസിലെ കക്ഷികൾ. നഗരത്തിൽ ജനിച്ച്, അവിടുത്തെ ചുറ്റുപാടിൽ വളർന്നുവന്ന യുവാവിന് ചായ കുടിക്കാനാണ് ഇഷ്ടം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം ദിവസവും പലവട്ടം  ചായ കുടിച്ചിരുന്നു.  ഗ്രാമീണ ചുറ്റുപാടിൽ വളർന്നുവന്ന ഭാര്യയ്ക്ക് ചൂടുപാൽ കുടിക്കുന്നതിനോടാണ് താത്പര്യം. ധാരാളം പശുക്കളും എരുമകളും ഒക്കെ ഉണ്ടായിരുന്ന വീട്ടിൽ വളർന്ന തനിക്ക് അതാണ് ചെറുപ്പം മുതലുള്ള ശീലമെന്നും തന്റെ വീട്ടിൽ ആരും ചായ കുടിക്കാറില്ലെന്നും യുവതി പറയുന്നു. വിവാഹ ശേഷം ഭ‍ർത്താവിനായി താൻ ചായ ഉണ്ടാക്കാൻ തുടങ്ങിയെന്നും താൻ അപ്പോഴും പാൽ കുടിക്കുന്ന ശീലം തുടർന്നുവെന്നും അവ‍ർ പറഞ്ഞു.

Latest Videos

undefined

ആദ്യമൊന്നും ഇതൊരു പ്രശ്നമാവാതെ മുന്നോട്ടു നീങ്ങി. എന്നാൽ ഭർത്താവ് തന്റെ ചായയോടുള്ള ഇഷ്ടം, ഭാര്യയുടെ മേലും അടിച്ചേൽപ്പിക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ തുടങ്ങി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായി. ചെലവ് കൂടുതലാണെന്നത് ചൂണ്ടിക്കാട്ടിയാണത്രെ ഭർത്താവ് ചായയിലേക്ക് മാറാൻ നിർബന്ധിച്ചത്. വഴക്ക് വലുതായപ്പോൾ യുവതി തന്റെ വീട്ടിലേക്ക് പോയി അവിടെ താമസം തുടങ്ങി. അതിന് ശേഷമാണ് ഭർത്താവിനെയും വീട്ടുകാരെയും പ്രതിചേർത്ത് പരാതി നൽകിയത്. 

പൊലീസുകാർ കേസ് കുടുംബ കൗൺസിലിങ് സെന്ററിന് കൈമാറി. ഇരുവരെയും വിളിച്ചുവരുത്തി സംസാരിച്ചപ്പോൾ ഭ‍ർത്താവ് ഭാര്യയ്ക്കെതിരെ മറ്റ് നിരവധി ആരോപണങ്ങൾ കൂടി ഉന്നയിക്കാൻ തുടങ്ങിയെന്ന് കൗൺസിലർ ഡോ. സതീഷ് ഖിർവാർ പറഞ്ഞു. തന്നെ ബഹുമാനിക്കുന്നില്ലെന്നും തന്റെ മാതാപിതാക്കളോട് അപമര്യാദയായി പെരുമാറുന്നുവെന്നുമൊക്കെ യുവാവ് ആരോപിച്ചു. രണ്ട് ഭാഗവും കേട്ട ശേഷം ഭ‍ർത്താവിനോട് ഇനി ഭാര്യയെ ചായ കുടിക്കാൻ  നിർബന്ധിക്കരുതെന്ന് നിർദേശിച്ചു. ഇത് അദ്ദേഹം അംഗീകരിച്ചതോടെ ഇരുവരും പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമിച്ച് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും കൗൺസിലർ പറ‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!