ഭര്‍ത്താവ് മരിച്ച 23 വയസുകാരിക്ക് അബോര്‍ഷന് അനുമതി നൽകിയ വിധി പിന്‍വലിച്ച് ഹൈക്കോടതി

By Web TeamFirst Published Jan 23, 2024, 3:01 PM IST
Highlights

ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം എന്ന നിലയില്‍ അബോര്‍ഷന്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാറും ഈ കേസിൽ നിലപാട് അറിയിക്കുകയായിരുന്നു. ഇതോടെയാണ് നേരത്തെ പുറപ്പെടുവിച്ച വിധി ഹൈക്കോടതി പിന്‍വലിച്ചത്.

ന്യൂഡല്‍ഹി: വിധവയായ യുവതിക്ക് 29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച വിധി പിന്‍വലിച്ച് ഡല്‍ഹി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ഫെബ്രുവരിയില്‍ വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണത്തോടെ ഗുരുതരമായ മാനസിക സമ്മര്‍ദ്ദത്തിലാണ് യുവതിയെന്ന് അബോര്‍ഷന് അനുമതി തേടി കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിൽ അറിയിച്ചിരുന്നു.

കേസ് നേരത്തെ പരിഗണിച്ച ശേഷം അബോര്‍ഷന് അനുമതി നല്‍കിക്കൊണ്ട് ജനുവരി നാലാം തീയ്യതി കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയാണ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പിന്‍വലിച്ചത്. ഹര്‍ജിക്കാരിയുടെ ആവശ്യവും അവരുടെ മാനസില നില പരിശോധിച്ച റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് കോടതി നേരത്തെ അബോര്‍ഷന് അനുമതി നല്‍കിയത്. എന്നാല്‍ ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കോടതിയില്‍ നൽകിയ റിപ്പോർട്ടിൽ ഗര്‍ഭകാലം 29 ആഴ്ച ആയതിനാൽ ഇപ്പോള്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കരുതെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം എന്ന നിലയില്‍ അബോര്‍ഷന്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാറും ഈ കേസിൽ നിലപാട് അറിയിക്കുകയായിരുന്നു. ഇതോടെയാണ് നേരത്തെ പുറപ്പെടുവിച്ച വിധി ഹൈക്കോടതി പിന്‍വലിച്ചത്.

Latest Videos

ഹര്‍ജിക്കാരി വിധവയായി മാറിയെന്നും ഭര്‍ത്താവിന്റെ മരണശേഷം അവര്‍ ഗുരുതരമായ മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നേരത്തെ കോടതി വിധിയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യം തുടരുന്നത് അവരുടെ മാനസിക നില താളം തെറ്റാനും സ്വയം അപായപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് എത്തിക്കുന്നതിനും കാരണമാവും. ഈ സാഹചര്യത്തിൽ ആത്മഹത്യാ പ്രവണത ഉള്‍പ്പെടെയുള്ള ഗുരുതരമായ മാനസിക സാഹചര്യം പരിഗണിച്ച് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന നിലപാടാണ് കോടതിക്കുള്ളതെന്ന് നേരത്തെ പുറപ്പെടുവിച്ച വിധിയിൽ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പ്രസ്താവിച്ചിരുന്നു.

ഡല്‍ഹി എയിംസില്‍ ഗര്‍ഭഛിദ്രം നടത്താനാണ് കോടതി യുവതിക്ക് അനുമതി നല്‍കിയത്. 24 ആഴ്ചയെന്ന നിയമപരമായ പരിധി കഴിഞ്ഞുപോയെങ്കിലും ഗര്‍ഭഛിദ്രം നടത്തണമെന്ന് എയിംസിന് നിര്‍ദേശവും നല്‍കി. സമാനമായ കേസുകളിലെ സുപ്രീം കോടതി നിലപാടുകള്‍ കൂടി പരിശോധിച്ച ശേഷമായിരുന്നു ഇത്. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ വിധിയെന്നും ഇത് മറ്റ് കേസുകളിൽ ആധാരമായി പരിഗണിക്കരുതെന്നും കോടതി നിലപാടെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ എയിംസിൽ പ്രവേശിപ്പിച്ച യുവതിയെ ഗര്‍ഭം തുടര്‍ന്നുകൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിക്കുന്നു എന്ന് ആരോപിച്ച് യുവതിയുടെ അഭിഭാഷക വീണ്ടും കോടതിയെ സമീപിച്ചു. ഇത് അവരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു വാദം. എന്നാല്‍ നേരത്തെ കോടതി ഗര്‍ഭഛിദ്രം അനുവദിച്ചെങ്കിലും ഹര്‍ജിക്കാരിയുടെ മാനസികനില മാറിയതിനാല്‍ സാഹചര്യത്തിലും മാറ്റം വന്നെന്ന് കോടതി നിരീക്ഷിച്ചു.

എയിംസിലെ സൈക്യാട്രി വിഭാഗത്തിൽ നിന്ന് മാനസികനില പരിശോധനാ റിപ്പോര്‍ട്ട് കോടതി തേടിയിരുന്നു. ഗര്‍ഭഛിദ്രം അനുവദിക്കേണ്ടതില്ലെന്ന റിപ്പോര്‍ട്ടാണ് എയിംസിലെ സൈക്യാട്രി വിഭാഗം നല്‍കിയത്. തുടര്‍ന്ന് യുവതിയുടെ അഭിഭാഷകന്റെ അഭിപ്രായം വീണ്ടു കേട്ട ശേഷമാണ് കോടതി നേരത്തെ പുറപ്പെടുവിച്ച വിധി പിന്‍വലിച്ചത്. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത മാനസിക നിലയിലാണ് യുവതി ഉള്ളതെന്നും ഗര്‍ഭകാല സങ്കീര്‍ണതകള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുമെന്നും അഭിഭാഷകര്‍ വാദിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യുസ് ലൈവ് യുട്യൂബില്‍ കാണാം...

click me!