ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയാകും; തീരുമാനം നിയമസഭാ കക്ഷി യോഗത്തിൽ

By Web TeamFirst Published Jul 3, 2024, 1:58 PM IST
Highlights

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ഇഡി കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഎംഎം നിർണായക തീരുമാനം എടുത്തത്.

റാഞ്ചി: ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി ആയി വീണ്ടും അധികാരമേൽക്കും. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ആണ് തീരുമാനം. ചംപൈ സോറൻ സ്ഥാനം ഒഴിയും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ഇഡി കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഎംഎം നിർണായക തീരുമാനം എടുത്തത്.

ഭൂമി അഴിമതി കേസിൽ ജനുവരി 31 ന് രാത്രിയാണ് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലാണ് ഇഡി സോറനെ അറസ്റ്റ് ചെയ്തത്. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 20ന് സോറനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20ന് ഹാജരായത്. ചോദ്യം ചെയ്യലിനായി വീണ്ടും സോറനെ തെരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ദില്ലിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ 8 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സോറൻ റാഞ്ചിയിലെ വസതിയിലെത്തിയത്. തുടർന്ന് ഇഡി കസ്റ്റഡിയിലായതിനു പിന്നാലെ സോറൻ രാജി സമർപ്പിക്കുകയായിരുന്നു.

പിന്നാലെ ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണപക്ഷത്തിന് 47 വോട്ടും പ്രതിപക്ഷത്തിന് 29 വോട്ടുമാണ് വിശ്വാസ വോട്ടെടുപ്പിൽ നേടാനായത്. സര്‍ക്കാരിന് 41 വോട്ടായിരുന്നു ഭരണം നിലനിര്‍ത്താൻ വേണ്ടിയിരുന്നത്. രാഷ്ട്രീയ കൂറുമാറ്റങ്ങൾ ഇല്ലാതിരുന്നതിനാൽ സർക്കാരിന് ഇളക്കം തട്ടിയില്ല. ജാർഖണ്ഡ് ഹൈക്കോടതിയാണ് ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഹേമന്ത് സോറന്റെ അറസ്റ്റ് രാഷ്ട്രീയ പക പോക്കലാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വാദം. 

ഹിജാബിന് പിന്നാലെ ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!