സ്കൂളുകൾക്കും കോളജുകൾക്കും അവധി, വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; മഴയിൽ മുങ്ങി മുംബൈ

By Web Team  |  First Published Sep 26, 2024, 10:37 AM IST

അനാവശ്യമായ യാത്രകൾ ഒഴിവാക്കി ജനങ്ങൾ പരമാവധി വീടുകളിൽ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.


മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. ഇന്നലെ പെയ്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. ചില വിമാനങ്ങൾ ഇന്നലെ രാത്രിയിൽ വഴിതിരിച്ചുവിട്ടു. 

വെള്ളത്തിൽ മുങ്ങിയ റോഡുകളിലൂടെ വാഹനങ്ങൾ വളരെ പണിപ്പെട്ടാണ് നീങ്ങുന്നത്. വെള്ളക്കെട്ട് കടുത്ത ഗതാഗത കുരുക്കിന് കാരണമായി. സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, വിസ്താര എന്നിവയുടെ ചില വിമാനങ്ങൾ ഇന്നലെ രാത്രി വഴിതിരിച്ചുവിട്ടു. മുംബൈയിലെ മോശം കാലാവസ്ഥ വിമാന സർവ്വീസുകളെ ബാധിക്കാനിടയുണ്ടെന്നും യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും  വിമാന കമ്പനികൾ ആവശ്യപ്പെട്ടു. 

Latest Videos

undefined

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയിലും സമീപ ജില്ലകളിലും ഇന്നും മഴ മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ വരെ മുംബൈയിൽ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. അനാവശ്യമായ യാത്രകൾ ഒഴിവാക്കി ജനങ്ങൾ പരമാവധി വീടുകളിൽ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ട്രെയിൻ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. 

ഇന്നലെ ഉച്ചയോടെയാണ് മഴ ശക്തമായത്. വൈകിട്ട് നാല് മണി മുതൽ രാത്രി 10 വരെ 250 മില്ലീമീറ്റർ മഴയാണ് മുംബൈയിൽ രേഖപ്പെടുത്തിയത്. മഴക്കെടുതിക്കിടെ അന്ധേരിയിൽ മാൻഹോളിൽ വീണ് യുവതി മരിച്ചു. 45കാരിയായ വിമൽ അനിൽ ഗെയ്ക്വാദിന്‍റെ മൃതദേഹം കണ്ടെത്തി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുനെ സന്ദർശനം റദ്ദാക്കി. മെട്രോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യാനാണ് പ്രധാനമന്ത്രി എത്താനിരുന്നത്.  

എച്ച്ഡിഎഫ്‍സി ബാങ്ക് ഉദ്യോഗസ്ഥ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു; ജോലി സമ്മർദ്ദമെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!