ഹരിയാനയിൽ ബിജെപിക്ക് വൻ വിജയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നില; ജാട്ട് മേഖലയിലും അട്ടിമറി

By Web Team  |  First Published Oct 8, 2024, 5:16 PM IST

ഹരിയാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തി. 


ഛണ്ഡീഗഡ്: വോട്ടെണ്ണലിനിടെ വലിയ ട്വിസ്റ്റുകൾ നടന്ന ഹരിയാനയിൽ മൂന്നാമതും ഭരണം നിലനിർത്തി ബിജെപി. ആദ്യ ഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിറക പോയത് പാർട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകർന്നടിഞ്ഞു. ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് 36 സീറ്റാണ് നേടാനായത്.

ഹരിയാനയിൽ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറിൽ ആഘോഷം കോൺഗ്രസിൻ്റെ കേന്ദ്രങ്ങളിലായിരുന്നു. എല്ലാ മാധ്യമങ്ങളും കോൺഗ്രസിന് 70ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ ഒമ്പതരയോടെ ഇത് മാറി മറിഞ്ഞു. വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോൺഗ്രസ് പെട്ടെന്ന് താഴേക്ക് പോയി. ഇടയ്ക്ക് ഇഞ്ചാടിഞ്ചായെങ്കിലും പിന്നീട് ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു. തെക്കൻ ഹരിയാനയും രാജസ്ഥാനുമായി ചേർന്നു കിടക്കുന്ന ആഹിർവാൾ മേഖലയും ബിജെപി തൂത്തു വാരി. ദില്ലിക്കു ചുറ്റും കിടക്കുന്ന പത്തിൽ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചത് അവരെ വൻ വിജയത്തിലേക്ക് നയിച്ചു.

Latest Videos

undefined

പഞ്ചാബുമായി ചേർന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിജയിക്കാനായത്. കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച സിപിഎമ്മിൻറെ ഓംപ്രകാശിന് ഭിവാനി സീറ്റീൽ ജയിക്കാനായില്ല. ദേവിലാലിൻറെ കുടുംബം നിയന്ത്രിക്കുന്ന രണ്ടു പാർട്ടികളിൽ ഐ.എൻ.എൽ.ഡി രണ്ടു സീറ്റുകളുമായി പിടിച്ചു നിന്നു. ദുഷ്യന്തിന് ഇത്തവണ കനത്ത തിരിച്ചടിയേറ്റു. ഉച്ചാന കലാൻ സീറ്റിൽ ദുഷ്യന്ത് അഞ്ചാം സ്ഥാനത്തേക്ക് പോയി. ദുഷ്യന്തിൻറെ അനുജൻ ദ്വിഗ്വിജയ് ചൗതാലയും തോറ്റു. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഭജൻലാലിൻറെ ചെറുമകൻ ഭവ്യ ബിഷ്ണോയിയും ബൻസിലാലിൻറെ ചെറുമകൾ ശ്രുതി ചൗധരിയും ബിജെപി ടിക്കറ്റിൽ വിജയം കണ്ടു. രോതക് അടക്കമുള്ള ശക്തികേന്ദ്രങ്ങൾ നിലനിർത്തിയത് മാത്രമാണ് ഭുപീന്ദർ ഹൂഡയ്ക്ക് ആശ്വാസം.

ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചു എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. പിന്നാക്ക ദളിത് വിഭാഗങ്ങളിലെ ഈ അടിയൊഴുക്ക് തിരിച്ചറിയാൻ കോൺഗ്രസിനും ഹുഡയ്ക്കുമായില്ല. അധികാരത്തിലെത്തിയ ഉടൻ സ്ത്രീകൾക്ക് അടക്കം പ്രഖ്യാപിച്ച ക്ഷേമപദ്ധതികളും നായബ് സിംഗ് സൈനിയെ സഹായിച്ചിരിക്കുന്നു.

click me!