ഗുജറാത്തിൽ നാടകീയ നീക്കം; വോട്ടെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാർഥിക്ക് ജയം

By Web TeamFirst Published Apr 22, 2024, 3:41 PM IST
Highlights

കഴിഞ്ഞ ദിവസം സൂറത്തിലെ കോൺ​ഗ്രസ് സ്ഥാനാർഥി നിലേഷ് കുഭാണിയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷ്മപരിശോധനക്ക് ശേഷം തള്ളിയിരുന്നു.

അഹമ്മദാബാദ്: നാടകീയ നീക്കങ്ങൾക്കൊടുവിൽ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്
സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെ ബിഎസ്പി സ്ഥാനാർഥിയും സ്വതന്ത്രൻമാരും പത്രിക പിൻവലിച്ചതോടെയാണ് ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നിൽ ബിജെപിയാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാജ്യത്തിന്റെ തെര‌ഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവമാണ് എതിരില്ലാത്ത വിജയങ്ങൾ. മെയ് ഏഴിന് വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിൽ പത്രിക സമ‍ർപ്പണം പൂർത്തിയായപ്പോൾ ബിജെപി അക്കൗണ്ട് തുറന്നു. സൂറത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. വെളളിയാഴ്ച്ച പത്രിക സമർപ്പണം പൂർത്തിയായതിനു പിന്നാലെ തുടങ്ങിയ നാടകീയ നീക്കങ്ങളാണ് മുകേഷ് ദലാലിന്റെ വിജയത്തിലെത്തിച്ചത്. 

ശനിയാഴ്ച്ച കോൺ​ഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാണിയെ പിന്താങ്ങിയ മൂന്നു പേരും പിന്മാറി. തങ്ങളുടെ ഒപ്പ് വ്യാജമായി നിലേഷിന്റെ പത്രികയിൽ ഉൾപ്പെടുത്തി എന്ന് സത്യവാങ്മൂലം നൽകിയായിരുന്നു പിന്മാറ്റം. പിന്നാലെ നിലേഷ് കുഭാണിയുടെ പത്രിക തള്ളി. കോൺ​ഗ്രസ് ഡമ്മി സ്ഥാനാർത്ഥിയായി നിർത്തിയ സുരേഷ് പഡസലയും സമാന രീതിയിൽ പുറത്തായി.

Latest Videos

പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളും പിന്മാറിയതോടെ മുകേഷ് ദലാൽ തെരഞ്ഞെടുക്കപ്പെട്ടു. നാമ നിർദേശം ചെയ്തവരും സ്വതന്ത്ര സ്ഥാനാർത്ഥികൾ പിന്മാറിയതിനു പിന്നിൽ ബിജെപിയാണെന്ന് പ്രതിപക്ഷം വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോൺ​ഗ്രസ് പ്രതിനിധി സംഘം, സൂറത്ത് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. നിലേഷ് കുംഭാണിയുടെ പത്രിക തള്ളിയതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുജറാത്ത് കോൺ​ഗ്രസും വ്യക്തമാക്കി.    

Read More.... പ്രധാനമന്ത്രിയുടെ വിവാദ പരാമ‍ര്‍ശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

click me!