സുപ്രീം കോടതിയുടെ സുപ്രധാന വിധി: ഡോക്‌ടർമാർക്ക് ആശ്വാസം; ശസ്ത്രക്രിയ പരാജയപ്പെട്ടാൽ കുറ്റക്കാരാക്കാനാവില്ല

By Web TeamFirst Published Oct 26, 2024, 10:53 PM IST
Highlights

ശസ്ത്രക്രിയയോ ചികിത്സയോ രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയില്ലെങ്കിൽ ഡോക്ടറെ കുറ്റക്കാരനായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി

ദില്ലി: ശസ്‌ത്രക്രിയയില്‍ പരാജയപ്പെട്ടാൽ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കിൽ അപകടങ്ങൾ എന്നിവ മെഡിക്കൽ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ ഡോക്ടർമാരെ പ്രതിചേർക്കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്ലായ്പ്പോഴും ശസ്ത്രക്രിയ വിജയകരമാകുമെന്ന് പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയിലൂടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടാനോ സാധിക്കുമെന്ന് കരുതാനാവില്ലെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Latest Videos

ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ വിധി ചോദ്യം ചെയ്ത് ഛണ്ഡീഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ഡോ.നീരജ് ദാസും സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സുപ്രീം കോടതി വിധി. ജസ്‌വീന്ദർ സിങ് എന്നയാളും ഇദ്ദേഹത്തിൻ്റെ അച്ഛനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായും അരലക്ഷം രൂപ കോടതി ചെലവായും നൽകാൻ ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നേരത്തെ പുറപ്പെടുവിച്ച വിധി ഇതോടെ റദ്ദായി.

click me!