ക്രിസ്മസ് വിരുന്ന് റദ്ദാക്കി ​ഗവർണർ; മോദി- സ്റ്റാലിൻ കൂടിക്കാഴ്ച, തമിഴ്നാടിന് 2000 കോടി അനുവദിക്കണമെന്നാവശ്യം

By Web TeamFirst Published Dec 19, 2023, 11:32 PM IST
Highlights

നാളെ ചെന്നൈയിൽ തിരിച്ചെത്തുന്ന സ്റ്റാലിൻ രാത്രി മധുരക്ക് പോകും. മറ്റന്നാൾ തൂത്തുകുടിയിലെ പ്രളയ മേഖലകൾ സന്ദർശിക്കും. കേന്ദ്ര സംഘം നാളെ തൂത്തുക്കുടിയിൽ എത്തുന്നത് കൊണ്ടാണ് സ്റ്റാലിന്റെ വരവ് നീട്ടിയത് എന്നാണ് വിശദീകരണം. 

ദില്ലി: തമിഴ്നാട് പ്രളയത്തിൽ കേന്ദ്ര സഹായം തേടി പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും തെക്കൻ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. നാളെ ചെന്നൈയിൽ തിരിച്ചെത്തുന്ന സ്റ്റാലിൻ രാത്രി മധുരക്ക് പോകും. മറ്റന്നാൾ തൂത്തുകുടിയിലെ പ്രളയ മേഖലകൾ സന്ദർശിക്കും. കേന്ദ്ര സംഘം നാളെ തൂത്തുക്കുടിയിൽ എത്തുന്നത് കൊണ്ടാണ് സ്റ്റാലിന്റെ വരവ് നീട്ടിയത് എന്നാണ് വിശദീകരണം. അതേസമയം, തമിഴ്നാട് രാജ്‌ഭവനിലെ ക്രിസ്മസ് വിരുന്ന് റദ്ദാക്കി. തെക്കൻ ജില്ലകളിലെ പ്രളയം കാരണമാണെന്നാണ് ഗവർണറുടെ വിശദീകരണം. വ്യാഴാഴ്ചയാണ് ക്രിസ്മസ് ആഘോഷം തീരുമാനിച്ചിരുന്നത്. ഈ പരിപാടിയാണ് പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരിക്കുന്നത്. 

അതേസമയം, തെക്കൻ തമിഴ്നാടിനെ പ്രളയത്തിലാക്കിയ അതിതീവ്ര മഴക്ക് ഇനിയും ശമനമായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്നും തമിഴ്നാട്ടിലെ 4 ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കന്യാകുമാരിയിലും തിരുനെൽവേലിയിലും തൂത്തുക്കുടിയിലും തെങ്കാശിയിലും ഏറക്കുറെ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. ഒരു വർഷം ആകെ കിട്ടുന്ന മഴ ഒറ്റ ദിവസം പെയ്തിറങ്ങിയപ്പോൾ ദുരിതക്കായത്തിലാണ് തിരുനെൽവേലി. വർഷം പരമാവധി 70 സെന്‍റീ മീറ്റര്‍ മഴ പെയ്യുന്ന തിരുച്ചെന്തൂര്‍, കായൽപട്ടണത്തിൽ 24 മണിക്കൂറിൽ രേഖപ്പെട്ടത് 95 സെന്‍റി മീറ്റര്‍ മഴയാണ്. തിരുനെൽവേലി ജംഗ്ഷനും റെയിൽവേ സ്റ്റേഷനും കളക്ടറേറ്റും ആശുപത്രികളും നൂറ് കണക്കിന് വീടുകളും വെള്ളത്തിൽ മുങ്ങി. കളക്ടറേറ്റ് ജീവനക്കാരെ ബോട്ടുകളിലാണ് ഇവരെ പുറത്തെത്തിച്ചത്. താമരഭരണി അടക്കം നദികൾ കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകൾ അതിവേഗം നിറയുന്നതും ആശങ്ക ഉയര്‍ത്തി. പ്രസവം അടുത്ത യുവതികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Latest Videos

തൂത്തുക്കുടിയിൽ കളക്ടറേറ്റ് റോഡിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ ഗതാഗതം താറുമാറായി. ഈ രണ്ട് ജില്ലകൾക്ക് പുറമെ തെങ്കാശി, കന്യാകുമാരി, വിരുദ് നഗർ, മധുര, തേനി ജില്ലകളിലും ഇന്ന് പുലർച്ചെ വരെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി, വിവേകാനന്ദ പാറ അടക്കം തെക്കൻ തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദർശകരെ വിലക്കിയിരിക്കുകയാണ്. റെയിൽവേ ട്രാക്കിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ളത് അടക്കം തിരുനെൽവേലി വഴിയുള്ള ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമേ നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ തിരുനെൽവേലിയിലും തൂത്തുക്കുടിയിലും രക്ഷാ പ്രവര്‍ത്തനത്തിൽ സജീവമാണ്.

പ്രളയം, കന്യാകുമാരിയടക്കമുള്ള ജില്ലകളിൽ അവധി; കേന്ദ്ര സഹായം തേടി തമിഴ്നാട്, ഇന്ന് മോദി-സ്റ്റാലിൻ കൂടിക്കാഴ്ച

https://www.youtube.com/watch?v=Ko18SgceYX8

click me!