വാട്ട്സ്ആപ്പിലൂടെ മെസേജ് അയച്ചതും പരിചയപ്പെട്ടതും തുടർന്ന് കാണാൻ തീരുമാനിച്ചതും ഉൾപ്പെടെ എല്ലാം ആസൂത്രിത പദ്ധതി അനുസരിച്ചായിരുന്നു.
ലക്നൗ: അപ്രതീക്ഷിതമായി വാട്ട്സ്ആപ്പിലൂടെ എത്തിയ ഒരു മെസേജ് വിശ്വസിച്ച് അതിന് പിന്നാലെ പോയ യുവാവിനെ അഞ്ചംഗ സംഘം ഹണി ട്രാപ്പിൽ പെടുത്തി. ഒരു യുവതി ഉൾപ്പെടുന്ന സംഘമാണ് യുവാവിനെ പ്രലോഭിപ്പിച്ച് കെണിയിൽ വീഴ്ത്തിയത്. സംഘത്തിലെ ഒരാളെ പിടികൂടാൻ സാധിച്ചിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം തുടരുന്നു. പിടിയിലായ ആൾ ഹോം ഗാർഡ് ആണെന്നും അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലുള്ള ഖുർജയിലാണ് സംഭവം. ഒക്ടോബർ പതിനെട്ടാം തീയ്യതിയാണ് പരാതിക്കാരന്റെ വാട്സ്ആപിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് മെസേജ് വന്നത്. ചാന്ദ്നി എന്ന പേരുള്ള യുവതിയാണെന്ന് പരിചയപ്പെടുത്തി. സൗഹൃദം സ്ഥാപിച്ച ശേഷം നാല് ദിവസത്തിനകം പരസ്പരം കാണാമെന്നും തീരുമാനിച്ചു. ഒക്ടോബർ 22ന് ബുലന്ദ് ഷഹറിൽ വെച്ച് കണ്ടുമുട്ടി. ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഒരു മാളിൽ പോയി. തുടർന്ന് യുവാവിന്റെ പേരിൽ മുറി ബുക്ക് ചെയ്ത് അവിടേക്ക് പോയി.
മുറിയിൽ കുറച്ച് സമയം ചിലവഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഏതാനും പേർ അവിടെയെത്തി ബഹളം വെയ്ക്കാൻ തുടങ്ങി. ഹോം ഗാർഡ് യൂണിഫോം ധരിച്ചവരായിരുന്നു എല്ലാവരും. യുവതി തങ്ങളുടെ സഹോദരിയാണെന്നും അവരെ ഉപദ്രവിച്ചെന്നും ആരോപിച്ച് ഇവർ യുവാവിനെ മർദിച്ചു. പിന്നാലെ വാഹനത്തിൽ കയറ്റി അലിഗഡിലേക്ക് കൊണ്ടുപോയി. അഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ ബലാത്സംഗ കേസ് കൊടുക്കുമെന്ന ഭീഷണിയിയിരുന്നു പിന്നെ. യുവാവിന്റെ അച്ഛനെയും സംഘാംഗങ്ങൾ വിളിച്ച് ഇതേ ആവശ്യം ഉന്നയിച്ചു.
എന്നാൽ ഇത്രയും തുക ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. പണം കിട്ടാതെ വന്നപ്പോൾ യുവാവിന്റെ എടിഎം കാർഡിൽ നിന്ന് 10,000 രൂപ എടുത്ത ശേഷം സംഘം സ്ഥലം വിട്ടു. പരാതി നൽകിയത് പ്രകാരമാണ് പൊലീസ് പിന്നീട് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഒരു ഹോം ഗാർഡിനെ അറസ്റ്റ് ചെയ്തു. മുഹമ്മദ് നഫീസ് എന്നയാളാണ് പിടിയിലായത്. മറ്റുള്ളവർക്കായി അന്വേഷണം നടക്കുന്നുണ്ട്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചംഗ സംഘമാണ് പിന്നിൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം