കോൺഗ്രസിന്‍റേത് പ്രീണന രാഷ്ട്രീയമാണെന്ന് ബിജെപിയിൽ ചേർന്നതിനു പിന്നാലെ ഗീത കോഡ ആരോപിച്ചു
റാഞ്ചി: ജാർഖണ്ഡിലെ ഏക കോൺഗ്രസ് എംപി ഗീത കോഡ ബിജെപിയിൽ. ജാർഖണ്ഡിലെ മുൻ പിസിസി അധ്യക്ഷയാണ്. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീതാ കോഡ.
ജാർഖണ്ഡിലെ സിങ്ഭും മണ്ഡലത്തിലെ എംപിയാണ് ഗീത കോഡ. തിങ്കളാഴ്ച റാഞ്ചിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ഗീത ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഗീത കോഡ ബിജെപിയിൽ ചേർന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് നടപടി.
കോൺഗ്രസിന്‍റേത് പ്രീണന രാഷ്ട്രീയമാണെന്ന് ബിജെപിയിൽ ചേർന്നതിനു പിന്നാലെ ഗീത കോഡ ആരോപിച്ചു. കോൺഗ്രസിൽ താൻ അസ്വസ്ഥയായിരുന്നുവെന്ന് ഗീത പറഞ്ഞു. എല്ലാവരേയും ഒപ്പം കൊണ്ടുപോകുമെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാൽ അത് കുടുംബത്തെ മാത്രമേ പാർട്ടി പരിഗണിക്കുന്നുള്ളൂവെന്നും എംപി ആരോപിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായുള്ള പുതിയ സഖ്യങ്ങളിലും ഗീതയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തന ശൈലിയിൽ മതിപ്പുണ്ടെന്ന് പറഞ്ഞ ഗീത, വികസിത ഇന്ത്യ എന്ന ലക്ഷ്യം ബിജെപിയുടെ നേതൃത്വത്തിൽ മാത്രമേ പൂർത്തീകരിക്കപ്പെടുകയുള്ളൂവെന്നും പറഞ്ഞു. പൊതുജനക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. കോൺഗ്രസ് മുക്ത ഇന്ത്യ എന്ന ലക്ഷ്യം പൂർത്തിയാക്കുമെന്ന് ഗീതാ കോഡയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് അമർ ബൗരി പറഞ്ഞു. കോൽഹാൻ പ്രദേശത്ത് കോഡ കുടുംബത്തിന് വലിയ സ്വാധീനമുണ്ട്. 2000 മുതൽ ഇവിടെ തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതും കോഡ കുടുംബത്തിൽ നിന്നുള്ളവരാണ്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗീത കോഡ 72,000ത്തിലധികം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത വോട്ടിന്‍റെ 49 ശതമാനത്തിലധികം അവർ നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം