ജി 7 ഉച്ചകോടി: രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

By Web TeamFirst Published Jun 14, 2024, 5:28 PM IST
Highlights

ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻഡിഎ സർക്കാരിൽ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞു. 

ദില്ലി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കിടെ ആയിരുന്നു മോദി-മക്രോൺ കൂടിക്കാഴ്ച. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിർമിത ബുദ്ധി, സമുദ്രതല വാണിജ്യം തുടങ്ങിയ വിഷയങ്ങളും യുവാക്കളിലെ ഗവേഷണവും കണ്ടുപിടുത്തവും പ്രോത്സാഹിപ്പിക്കുന്ന കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പാരീസ് ഒളിംപിക്സിന് ആശംസ അറിയിച്ചുവെന്നും മോദി വ്യക്തമാക്കി.

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായും മോദി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻഡിഎ സർക്കാരിൽ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഋഷി സുനക്കുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പ്രതികരണം. സെമികണ്ടക്ടർ, സാങ്കേതികവിദ്യ, വ്യാപാര മേഖലകളില്‍ കൂടുതല്‍ സഹകരണം ഉണ്ടാകും. പ്രതിരോധ രംഗത്തും കൂടുതല്‍ സഹരിക്കുന്നതില്‍ ചർച്ച ഉണ്ടായെന്നും മോദി കൂട്ടിച്ചേർത്തു. യുക്രൈൻ പ്രസിഡന്‍റ്  സെലന്‍സ്കിയുമായും മോദി നയതന്ത്രതല ച‍ർച്ച നടത്തി. ജപ്പാനില്‍ നടന്ന ജ7 ഉച്ചകോടിയിലും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. 

Latest Videos

ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ഫ്രാൻസിസ് മാർപാപ്പയുമായും മറ്റ് രാഷ്ട്രതലവന്മാരുമായും ഇന്ന് കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലനിയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുത്തത്. ഇത് അഞ്ചാം തവണയാണ് മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. മൂന്നാം തവണ അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം കൂടിയാണിത്. വിവിധ രാഷ്ട്ര തലവൻമാരുമായുള്ള ചർച്ചയിൽ  ദില്ലിയിലെ ജി 20 യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി സംബന്ധിച്ചും പ്രധാനമന്ത്രി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ള ഉന്നതല സംഘവും പ്രധാനമന്ത്രിയെ ഉച്ചകോടിയിൽ അനുഗമിക്കുന്നുണ്ട്.


click me!