ഇന്ത്യയെ ടെലി കമ്യൂണിക്കേഷൻ വിപ്ലവത്തിലേക്ക് കൈപിടിച്ച നേതാവ്; അകാലത്തിൽ പൊലിഞ്ഞിട്ട് 33 വർഷം

By Web Team  |  First Published May 21, 2024, 2:02 PM IST

കേംബ്രിഡ്ജ് പഠനത്തിനിടെ പരിചയപ്പെട്ട സോണിയയെ വിവാഹം കഴിച്ച് എയർ ഇന്ത്യയിൽ കൊമേർഷ്യൽ പൈലറ്റായി സ്വൈര്യജീവിതം നയിച്ചുകൊണ്ടിരുന്ന രാജീവിന് രാഷ്ട്രീയത്തിലിറങ്ങാൻ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. അതിനു നിമിത്തമായത്, 1980 ലുണ്ടായ ഒരു വിമാനാപകടമാണ്.


ദില്ലി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം ചരമ വാർഷിക ദിനമാണ് ഇന്ന്. 33 വർഷം മുമ്പൊരു മെയ് 21 നാണ് ഇന്ത്യക്ക്, കർമനിരതനായ ജനനേതാവിനെ അകാലത്തിൽ നഷ്ടമായത്. 1987  ൽ ശ്രീലങ്കൻ മണ്ണിൽ സമാധാനമുണ്ടാക്കാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി  പറഞ്ഞുവിട്ട ഐപികെഎഫും തമിഴ്പുലികളും തമ്മിലുണ്ടായ സംഘർഷങ്ങളിൽ തുടങ്ങിയ വിരോധം. ശ്രീപെരുമ്പത്തൂരിൽ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ, മരണമാല്യവുമായി കാത്തുനിന്ന  ധനു എന്ന എൽടിടിഇ ചാവേർ, അരയിൽ ഒളിപ്പിച്ച ബെൽറ്റ് ബോംബ് പൊട്ടിച്ച്  രാജീവ് ഗാന്ധിയുടെ പ്രാണനെടുത്തു.

കേംബ്രിഡ്ജ് പഠനത്തിനിടെ പരിചയപ്പെട്ട സോണിയയെ വിവാഹം കഴിച്ച് എയർ ഇന്ത്യയിൽ കൊമേർഷ്യൽ പൈലറ്റായി സ്വൈര്യജീവിതം നയിച്ചുകൊണ്ടിരുന്ന രാജീവിന് രാഷ്ട്രീയത്തിലിറങ്ങാൻ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. അതിനു നിമിത്തമായത്, 1980 ലുണ്ടായ ഒരു വിമാനാപകടമാണ്. പരിശീലനപ്പറക്കലിനിടെ വിമാനം തകർന്ന് അനുജൻ സഞ്ജയ് ഗാന്ധിയുടെ അവിചാരിത വിയോഗം. അതിനുപിന്നാലെ പാർട്ടി നിർബന്ധിച്ചപ്പോൾ 1981 ൽ അമേഠിയിൽ നിന്ന് പാർലമെന്റിലേക്ക് കന്നിയങ്കം. രണ്ടു ലക്ഷത്തിലധികം വോട്ടിന് ശരദ് യാദവിനെ തോല്പിച്ച് രാജീവ് പാർലമെന്റിലെത്തി. ആദ്യം കിട്ടിയ ദൗത്യം 1982 ലെ ദില്ലി ഏഷ്യാഡിന്റെ സംഘാടനം. അത് വമ്പിച്ച വിജയമായതോടെ രാജീവിനെ ജനം അംഗീകരിച്ചു. 

Latest Videos

undefined

1984 ൽ രാജ്യത്തെ ഞെട്ടിച്ച ഇന്ദിരാവധം സംഭവിച്ചു. അതഴിച്ചുവിട്ട സഹതാപതരംഗത്തിൽ 414 സീറ്റിന്റെ ചരിത്ര വിജയത്തോടെ കോൺഗ്രസ് അധികാരത്തിലേക്ക്. നാല്പതാം വയസ്സിൽ രാജീവ്  രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. അവിടന്നങ്ങോട്ട് ആ യുവാവ് ഇന്ത്യയെ കൈപിടിച്ചു നടത്തിയത് ഒരു ടെലികമ്യൂണിക്കേഷൻ വിപ്ലവത്തിലേക്കാണ്. സാം പിത്രോദയുടെ സഹായത്തോടെ രാജീവ് കൊണ്ടുവന്ന 1984 -ലെ ഐടി നയം പിന്നീടങ്ങോട്ട്  ടെക്‌നോളജി രംഗത്ത്  ഇന്ത്യ നടത്തിയ കുതിച്ചു ചാട്ടങ്ങളുടെ അസ്തിവാരമിട്ടു.
 
ഇന്ന് ഇന്ത്യയിൽ ബഹുഭൂരിപക്ഷത്തിന്റെയും കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ, അതിനു നാം കടപ്പെട്ടിരിക്കുന്നത് രാജീവിനോടു കൂടിയാണ്. ഇന്ത്യ ഉദാരവൽക്കരണത്തിലേക്ക് നീങ്ങുന്നതും അദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെ. ഇക്കാലത്ത് നികുതികളിൽ ഇളവുണ്ടാകുന്നു. ലൈസൻസിങ് ചട്ടങ്ങൾ മയപ്പെടുന്നു. സ്വാഭാവികമായും രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്കുണ്ടാവുന്നു. 

കൂറുമാറ്റ നിരോധന നിയമം, പഞ്ചായത്തീ രാജിന്റെ ശാക്തീകരണം, മികച്ച ദേശീയ വിദ്യാഭ്യാസ നയം തുടങ്ങി ദീർഘവീക്ഷണത്തോടുകൂടിയ എത്രയെത്ര നടപടികൾ. അസം, പഞ്ചാബ് അക്കോർഡുകളിലൂടെ ആഭ്യന്തര സമാധാനത്തിനു വേണ്ടിയും രാജീവ് പ്രയത്നിച്ചു. അതേസമയം ഷാബാനു കേസ്, അയോദ്ധ്യ തുടങ്ങിയ വിഷയങ്ങളിൽ  രാജീവിന്റെ രാഷ്ട്രീയ പക്വതക്കുറവ് രാജ്യത്തിനു ദോഷം ചെയ്തു.  

എല്ലാക്കാലത്തും തന്റെ രാജ്യത്തെ ജനങ്ങൾ സമാധാനത്തോടെ പുലരണം എന്നുമാത്രം ആശിച്ച, കളങ്കമറ്റ രാഷ്ട്രീയ പ്രജ്ഞയുടെ ഉടമയായിരുന്നു രാജീവ് ഗാന്ധി. അങ്ങനെയൊരു ജനനേതാവിന് ഒടുവിൽ പരാജയപ്പെട്ടുപോയ ഒരു സമാധാനശ്രമത്തിന്റെ പ്രതികാര ജ്വാലയിൽ എരിഞ്ഞൊടുങ്ങേണ്ടി വന്നു എന്നത് വിരോധാഭാസത്തിൽ കുറഞ്ഞൊന്നുമല്ല.

click me!