മോഷണത്തിന്റെ കാരണം ഉൾപ്പെടെ വിശദമാക്കി കത്തെഴുതി വെച്ചിട്ട് പോയ കള്ളനെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
ചെന്നൈ: വീട് കുത്തിത്തുറന്ന് മോഷണം നടന്നെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസുകാർ കണ്ടെടുത്തത് കള്ളന്റെ ദയനീയാവസ്ഥ വിവരിക്കുന്ന കത്ത്. വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടമായിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം തിരികെ നൽകാമെന്നും കള്ളൻ കത്തിൽ വ്യക്തമാക്കുന്നുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഈ വ്യത്യസ്തനായ കള്ളനെ പൊലീസുകാർ അന്വേഷിക്കുന്നത്.
വിരമിച്ച അധ്യാപകനായ ചിത്തിരൈ സെൽവിന്റെ (79) വീട്ടിലാണ് മോഷണം നടന്നത്. സെൽവിനും ഭാര്യയും ആണ് ഇവിടെ താമസിച്ചിരുന്നത്. ഭാര്യയും വിരമിച്ച അധ്യാപികയാണ്. നാല് മക്കളുള്ള ദമ്പതികൾ ഇക്കഴിഞ്ഞ ജൂൺ 17ന് ചെന്നൈയിൽ താമസിക്കുന്ന ഒരു മകന്റെ വീട്ടിലേക്ക് പോയി. വീട് വൃത്തിയാക്കാൻ ഒരു ജോലിക്കാരിയെയും ഏർപ്പാടാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഈ ജോലിക്കാരിയാണ് വീട് കുത്തിത്തുറന്നതായി കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരമറിയിച്ചു.
undefined
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചെന്നൈയിലുള്ള ഗൃഹനാഥനുമായി ഫോണിൽ സംസാരിച്ചു. പണമായി 60,000 രൂപയും കമ്മലുകളും ഉൾപ്പെടെ ഏതാനും ആഭരണങ്ങളും വീട്ടിലുണ്ടായിരുനു എന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. ഇതൊക്കെ കള്ളൻ കൊണ്ടുപോയിരുന്നു. പരിശോധനയ്ക്കിടെയാണ് ഒരു കവറിനുള്ളിൽ എഴുതി വെച്ചിരുന്ന കത്ത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പച്ച മഷിയിൽ തമിഴിലായിരുന്നു കത്ത്. "ക്ഷമിക്കണം. ഇത് ഒരു മാസത്തിനകം തിരികെ നൽകാം. വീട്ടിൽ ഒരാൾക്ക് സുഖമില്ലാത്തത് കൊണ്ടാണ്" എന്നായിരുന്നു കള്ളൻ എഴുതി വെച്ചിട്ട് പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം