രാത്രി വീട്ടിലിരിക്കവെ 40 വയസുകാരനായ മകനുമായും മകന്റെ ഭാര്യയുമായും തർക്കമുണ്ടായി. നാല് വയസുകാരനായ പേരക്കുട്ടിയെ ഇരുവരും അടിച്ചതായിരുന്നു പ്രശ്നങ്ങളുടെ കാരണം.
നാഗ്പൂർ: പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതിൽ കുപിതനായ മുൻ സൈനികൻ മകന് നേരെ വെടിയുതിർത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ചിന്താമണി ഏരിയയിൽ താമസിക്കുന്ന മുൻ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റയാൾ ആശുപത്രിയിൽ അപകടനില തരണം ചെയ്തു.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 68 വയസുകാരനായ പ്രതി സിആർപിഎഫിൽ നിന്ന് വിരമിച്ച ശേഷം ബാങ്ക് വാനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ്. രാത്രി വീട്ടിലിരിക്കവെ 40 വയസുകാരനായ മകനുമായും മകന്റെ ഭാര്യയുമായും തർക്കമുണ്ടായി. നാല് വയസുകാരനായ പേരക്കുട്ടിയെ ഇരുവരും അടിച്ചതായിരുന്നു പ്രശ്നങ്ങളുടെ കാരണം. കുപിതനായ ഇയാൾ തന്റെ തോക്കെടുത്ത് മകന് നേരെ വെടിയുതിർത്തു. പ്രതിക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
undefined
അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. വെടിയേറ്റ മകനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇയാൾ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. വധ ശ്രമത്തിലും ആയുധ ദുരുപയോഗത്തിനും 68കാരനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അജ്നി പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. പേരക്കുട്ടിയെ ഉപദ്രവക്കുന്നതിനാൽ താൻ മകനോടും മരുമകളോടും എപ്പോഴും ദേഷ്യപ്പെട്ടിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം