സിറ്റിംഗ് ജഡ്ജിയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവം നിയമരംഗത്തിന് തന്നെ ആകെ നാണക്കേടായിരിക്കെയാണ്.
ദില്ലി: ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത് പണം കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി സുപ്രീംകോടതി. ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. 15 കോടി രൂപ കണ്ടെത്തിയെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. വിഷയം കോൺഗ്രസ് രാജ്യസഭയിൽ ഉന്നയിച്ചു.
സിറ്റിംഗ് ജഡ്ജിയുടെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവം നിയമരംഗത്തിന് തന്നെ ആകെ നാണക്കേടായിരിക്കെയാണ്. വിഷയത്തിൽ നിയമ രാഷ്ട്രീയ രംഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി നടപടി കടുപ്പിക്കുന്നത്. ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് തീരുമാനം. ഇതിൽ റിപ്പോർട്ട് നൽകാൻ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരം ഫുള്‍ കോര്‍ട്ട് യോഗത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഹൈക്കോടതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി.
ഹോളി ദിനത്തിലാണ് ജഡ്ജിയുടെ വീട്ടിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സാണ് നാശനഷ്ടം കണക്കാക്കുന്നതിനിടെ മുറിയിൽൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. വിഷയം രാജ്യസഭയിൽ ഉന്നയിച്ച എംപി ജയറാം രമേശിനോട് വിഷയം ചർച്ച ചെയ്യാമെന്ന് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകർ അറിയിച്ചു.സംഭവം ദില്ലി ഹൈക്കോടതിയിൽ ഉന്നയിച്ച് അഭിഭാഷകരോട് ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായയ കോടതിയിൽ പറഞ്ഞു.ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനെതിരെ ഹൈക്കോടതി ബാർ അസോസിയേഷൻ രംഗത്ത് എത്തി.എത്ര പണം കണ്ടെത്തിയെന്ന് കൊളിജീയം വെളിപ്പെടുത്തണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങ് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജികൂടിയായ വെർമ്മ നികുതി സംബന്ധമായ കേസുകളാണ് പരിഗണിക്കുന്നത്.
പ്രതിഷേധവുമായി അഭിഭാഷകസംഘടന
സിറ്റിങ് ജഡ്ജി യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തുവെന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണെന്ന് അഖിലേന്ത്യ ലോഴേയ്‌സ് യൂണിയൻ. ജഡ്ജിക്കെതിരെ ഉടൻ കേസ് എടുക്കണം,ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കണമെന്നും സംഘടന പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും സംഘടന വ്യക്തമാക്കി. ജഡ്ജിമാർ അഴിമതിക്കാരാണെങ്കിൽ അത് സ്വതന്ത്ര ജുഡീഷ്യറിയുടെയും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മരണമണിയാണ്. കേവലം സ്ഥലംമാറ്റത്തിൽ മാത്രമൊതുക്കുന്നത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന്അഖിലേന്ത്യ ലോഴേയ്‌സ് യൂണിയൻ പ്രസിഡന്റ് ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥും എന്നിവർ ആവശ്യപ്പെട്ടു.