വിശാഖപട്ടണത്ത് ഷോപ്പിംഗ് മാൾ നിർമിക്കുന്നതിനായി 13.43 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചു.
വിശാഖപട്ടണം: വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ് ആന്ധ്ര പ്രദേശിലേക്ക്. വിശാഖപട്ടണത്ത് നിർമിക്കുന്ന ഷോപ്പിങ് മാളിനായി ലുലു ഗ്രൂപ്പിന് 13.43 ഏക്കർ ഭൂമി ആന്ധ്രാ സർക്കാർ അനുവദിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമാണം.
13.43 ഏക്കർ ഹാർബർ പാർക്ക് ലാൻഡ്‌സിന്‍റെ കൈവശാവകാശം തിരികെ നൽകാൻ വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയോട് (വിഎംആർഡിഎ) ആന്ധ്ര സർക്കാർ നിർദേശിച്ചു. ആന്ധ്രാ പ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷന് (എപിഐഐസി) കൈമാറാനാണ് നിർദേശം. ഈ ഭൂമി ലഭിക്കുന്നതോടെ ലുലു ഗ്രൂപ്പ് വിശാഖപട്ടണത്ത് ഷോപ്പിംഗ് മാൾ നിർമാണം തുടങ്ങും.
ലുലു ഹൈപ്പർമാർക്കറ്റ്, ദേശീയ, അന്തർദേശീയ റീട്ടെയിൽ ബ്രാൻഡുകൾ, 8 സ്‌ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ്, അമ്യൂസ്‌മെന്റ് പാർക്ക്, ഡൈനിംഗ് ഫുഡ് കോർട്ട്, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പദ്ധതിയാണ് ലുലു ഗ്രൂപ്പ് സർക്കാരിന് മുൻപിൽ വച്ചത്. പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും സംബന്ധിച്ച് പ്രധാന വിനോദ, ഷോപ്പിംഗ് കേന്ദ്രമായി പദ്ധതി മാറുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
99 വർഷത്തെ പാട്ടക്കരാർ, മൂന്ന് വർഷത്തെ വാടക രഹിത കാലയളവ് (അല്ലെങ്കിൽ മാൾ തുറക്കുന്നതു വരെ), ഓരോ 10 വർഷത്തിലും 10 ശതമാനം വാടക വർദ്ധനവ്, സർക്കാർ സഹായം എന്നിവ ലുലു ഗ്രൂപ്പ് ആന്ധ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. സംസ്ഥാന നിക്ഷേപ പ്രമോഷൻ കമ്മിറ്റി (എസ്ഐപിസി) നടത്തിയ അവലോകനത്തിന് ശേഷം നിർദ്ദേശം സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡിന് (എസ്ഐപിബി) അയച്ചു. പദ്ധതിക്കുള്ള അനുമതി അന്തിമ ഘട്ടത്തിലാണ്. ലുലുവിന്‍റെ ഷോപ്പിംഗ് മാൾ വിശാഖപട്ടണത്തെ വാണിജ്യ മേഖലയ്ക്ക് പുതിയ ഊർജം നൽകുമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം