ഫീസ് 2 ലക്ഷം, ഒരു വർഷം കൊണ്ട് എല്ലാം തികഞ്ഞ കള്ളനാക്കും; മാലപൊട്ടിക്കലിൽ മുതൽ ബാങ്ക് കൊള്ളയിൽ വരെ പരിശീലനം

By Web TeamFirst Published Aug 20, 2024, 5:01 PM IST
Highlights

മാതാപിതാക്കൾ തന്നെ കുട്ടികളെ കൊള്ള സങ്കേതങ്ങളിൽ എത്തിച്ച് അവരെ കള്ളന്മാരാക്കാനുള്ള പരിശീലനം നൽകുകയാണ് ചെയ്യുന്നത്. 

ഭോപ്പാൽ: മോഷ്ടാക്കളുടെയും കുറ്റവാളികളുടെയും സങ്കേതമെന്ന നിലയിൽ രാജ്യവ്യാപക കുപ്രസിദ്ധിയാർജിച്ച ചില ഗ്രാമങ്ങളുണ്ട് മദ്ധ്യപ്രദേശിലെ രാജ്‍ഗർ ജില്ലയിൽ. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഏകദേശം 117 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കാദിയ, ഗുൽഖേദി, ഹുൽഖേദി എന്നിങ്ങനെയുള്ള ഗ്രാമങ്ങളിലേക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് പോലും ചെന്നെത്തുക അത്ര എളുപ്പമല്ല. എന്നാൽ ഇവിടങ്ങളിൽ കുട്ടികളെ മോഷ്ടാക്കളാക്കി 'വളർത്തിയെടുക്കാൻ' പരിശീലനം നൽകുന്ന കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

മോഷണം, കൊള്ള, പൊലീസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ എന്നിവയിലൊക്കെ കുട്ടികൾക്ക് പരിശീലനം നൽകാനുള്ള സംവിധാനം ഈ ഗ്രാമങ്ങളിലുണ്ടത്രെ. പന്ത്രണ്ടും പതിമൂന്നുമൊക്കെ വയസ് പ്രായമുള്ള കുട്ടികളെ രക്ഷിതാക്കൾ തന്നെയാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. കൊള്ളസംഘങ്ങളുടെ തലവന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ഫീസ് കൊടുക്കണം. 

Latest Videos

തുടർന്ന് വിവിധ ക്രിമിനൽ പ്രവർത്തനങ്ങളിൽ പരിശീലനം കൊടുക്കും. പോക്കറ്റടി, തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് ബാഗുകൾ തട്ടിപ്പറിക്കുക, വളരെ വേഗത്തിൽ ഓടി രക്ഷപ്പെടുക, പൊലീസിനെ വെട്ടിച്ച് കടന്നുകളയുക എന്നിവയ്ക്ക് പുറമെ പിടിക്കപ്പെട്ടാൽ പൊലീസിൽ നിന്ന് വിവരങ്ങൾ മറച്ചുവെയ്ക്കാനുമൊക്കെ പരിശീലനം നൽകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുട്ടികൾ പരിശീലനം പൂ‍ർത്തിയാക്കി കൊള്ളസംഘങ്ങളുടെ ഭാഗമായി മാറിയാൽ മൂന്ന് മുതൽ അ‌ഞ്ച് ലക്ഷം വരെ രൂപ വർഷം സംഘത്തലവൻ മാതാപിതാക്കൾക്ക് നൽകും.

ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടാം തീയ്യതി ജയ്പൂരിലെ ആഡംബര ഹോട്ടലിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെ ഒന്നര കോടി രൂപ വിലയുള്ള ഒരു ആഭരണവും ഒരു ലക്ഷം രൂപയും മോഷണം പോയിരുന്നു. ഹൈദരാബാദുകാരനായ ഒരു വ്യവസായിയുടെ മകന്റെ വിവാഹമായിരുന്നു നടന്നത്. വരന്റെ അമ്മയുടെ ബാഗാണ് മോഷണം പോയത്. ചടങ്ങിനിടെ അമ്മ തന്റെ ബാഗ് ഒരിടത്ത് വെച്ചയുടൻ മോഷണം നടന്നു. കൊള്ള സംഘത്തിന്റെ ഭാഗമായിരുന്ന ഒരു കുട്ടിയാണ് ഇത് മോഷ്ടിച്ചതെന്ന് പിന്നാലെ കണ്ടെത്തി.

മോഷണത്തിന് പിന്നാലെ കുട്ടിയും സംഘവും കിദിയ ഗ്രാമത്തിലാണ് എത്തിയത്. പിടിക്കപ്പെടാതിരിക്കാൻ പലമാർഗങ്ങളും തേടി. പൊലീസ് കൃത്യസമയത്ത് പിന്നാലെയെത്തിയതു കൊണ്ടുമാത്രം മോഷ്ടാക്കളെ അറസ്റ്റ് ചെയ്യാൻ കഴി‌‌ഞ്ഞു. വിവാഹ വേദികളിൽ നിന്ന് സമാനമായ മോഷണങ്ങൾ നേരത്തെയും നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.  പരിശീലനം സിദ്ധിച്ച ഇത്തരം മോഷ്ടാക്കൾക്ക് ആഭരണങ്ങളുടെ മൂല്യം തിരിച്ചറിയാൻ സ്വർണ വ്യാപാരികളുടെയൊന്നും സഹായം വേണ്ടെന്നും പൊലീസ് പറയുന്നു.

പല സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വൻ സംഘമായി മാത്രമേ ഇത്തരം പ്രദേശങ്ങളിൽ പൊലീസിന് എത്താൻ സാധിക്കൂ. 17 വയസുകാരെ ഉപയോഗിച്ച് ബാങ്ക് കൊള്ള വരെ നടത്താൻ പരിശീലനം നൽകി തയ്യാറാക്കും. മിക്ക കുറ്റകൃത്യങ്ങളിലും നേരിട്ട് പങ്കെടുക്കുന്നത് കുട്ടികളായതിനാൽ പൊലീസിന് വെല്ലുവിളികൾ ഏറെയാണ്. ഇത്തരം ഗ്രാമങ്ങളിൽ പുറത്തു നിന്നുള്ള ഒരാൾ എത്തിയാൽ ഉടൻ എല്ലാവർക്കും വിവരം ലഭിക്കും. സ്ത്രീകളുടെ ഉൾപ്പെടെ സഹായം ഇതിന് ലഭിക്കുമെന്നും പൊലീസ് പറയുന്നു.

ഗ്രാമത്തിലെ ധനികർ 20 ലക്ഷം വരെ രൂപ ചെലവഴിച്ച് ഒന്നോ രണ്ടോ വർഷത്തേക്ക് കുട്ടികളെ വാടകയ്ക്കെടുത്ത് മോഷണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഈ ഗ്രാമങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം പേർക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എണ്ണായിരത്തോളം കേസുകളുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!