മോദി നടത്തിയ പൂജ രാഷട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നു എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ വസതിയിൽ ഗണപതി പൂജയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരാണ് തൻറെ പൂജയെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി ഒഡീഷയിൽ നടന്ന യോഗത്തിൽ കുറ്റപ്പെടുത്തി.
എന്നാൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻറെ വസതിയിലെത്തി മോദി നടത്തിയ പൂജ രാഷട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നു എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തിരിച്ചടിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പൂജ നടന്നത്. ജുഡീഷ്യറിക്കും ഭരണകൂടത്തിനും ഇടയിൽ വേണ്ട അതിർവരമ്പ് പൂജക്കെത്തിയ മോദി ലംഘിച്ചു എന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഗണേശ ചതുർത്ഥിയുടെ ഭാഗമായി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗണപതി പൂജയുടെ ഭാഗമായി ചീഫ് ജസ്റ്റിസിൻ്റെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങുകൾക്കാണ് പ്രധാനമന്ത്രി എത്തിയത്. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്. പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ അഭിഭാഷകരടക്കം കടുത്ത എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു.
ദില്ലിയിൽ നടന്ന വി എച്ച് പി പരിപാടിയിൽ ഹിജാബ് വിലക്ക് ശരിവച്ച മുന്‍ ജഡ്ജി ഹേമന്ത് ഗുപ്ത പങ്കെടുത്തത്തും വിവാദമായിരുന്നു. ഇലക്ട്രൽ ബോണ്ടിലെ അടക്കം വിധികൾ വന്നപ്പോൾ സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിൻറെയും ഇടപെടലിനെ പ്രതിപക്ഷവും കോൺഗ്രസ് അനുകൂല സാമൂഹ്യമാധ്യമങ്ങളും ഏറെ പുകഴ്ത്തിയിരുന്നു. എന്നാൽ നരേന്ദ്ര മോദിയെ വീട്ടിലെ പൂജയ്ക്ക് ക്ഷണിച്ച ചീഫ് ജസ്റ്റിസിൻറെ ഈ അസാധാരണ നടപടി പ്രതിപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്.