എല്ലാം വ്യാജം, ഇൻഷുറൻസിനും ലോണിനും ആളുകളെ വിളിക്കും, ഒന്നും കൊടുക്കാതെ കോടികൾ തട്ടി; 11 പേരുടെ സംഘം പിടിയിൽ

By Web TeamFirst Published Jul 7, 2024, 6:05 PM IST
Highlights

ഒൻപത് സ്ത്രീകളെ ജോലിക്ക് വെച്ച് വ്യാജ കോൾ സെന്റർ, വിളിക്കാൻ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് വാങ്ങിയ സിം കാർഡുകൾ. ഇൻഷുറൻസിനും ലോണിനും വരുന്ന ഫോൺ കോളുകളുടെ പേരിൽ കോടികൾ തട്ടി.

ദില്ലി: വെറും 2500 രൂപ കൊടുത്ത് ഓൺലൈനിൽ നിന്ന് സംഘടിപ്പിച്ച ആളുകളുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. നോയിഡ കേന്ദ്രീകരിച്ച് വ്യാജ കോൾ സെന്റ‍ർ സജ്ജീകരിക്കുകയും ഇൻഷുറൻസ്, വായ്പാ തട്ടിപ്പുകളിലൂടെ ആയിരക്കണക്കിന് പേരിൽ നിന്ന് ഈ സംഘം പണം തട്ടുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒൻപത് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായത്.

നേരത്തെ ഒരു പ്രമുഖ  ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഏജന്റുമാരായി ജോലി ചെയ്തിരുന്ന രണ്ട് പേരായിരുന്നു സംഘത്തിലെ പ്രധാനികൾ. ഇവർ നോയിഡ സെക്ടർ 51 മാർക്കറ്റിലെ ഒരു കെട്ടിടത്തിലെ നാലാം നിലയിലാണ് വ്യാജ കോൾ സെന്റർ നടത്തിയിരുന്നത്. ലോണുകളിലൂടെയും ഇൻഷുറൻസ് പോളിസികളിലൂടെയും വൻ നേട്ടം വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ച് കബളിപ്പിക്കുന്നതായിരുന്നു പ്രവർത്തന രീതി. ഡൽഹിക്ക് പുറത്തുള്ളവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. മുഖ്യ സൂത്രധാരന്മാരായ ആഷിഷ്, ജിതേന്ദ്ര എന്നിവർ ഇവരുടെ വ്യാജ കോൾ സെന്ററിൽ നിന്ന് ആളുകളെ ബന്ധപ്പെടാനായി ഒൻപത് സ്ത്രീകളെ ജോലിക്ക് വെച്ചു. ഇവരാണ് ഏജന്റുമാരെന്ന വ്യാജേന ആളുകളെ ബന്ധപ്പെട്ടിരുന്നത്.

Latest Videos

ഉപഭോക്താക്കളെ വിളിക്കാൻ ഉപയോഗിച്ചിരുന്ന സിം കാർഡുകളെല്ലാം വ്യാജ ആധാർ കാർഡുകൾ സമ‍പ്പിച്ച് വാങ്ങിയതായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണിൽ വിളിച്ച് സംസാരിക്കുമ്പോൾ സംശയം പ്രകടിപ്പിക്കാത്ത ഉപഭോക്താക്കളെ തട്ടിപ്പിന് ഇരയാക്കും. പണം സ്വീകരിച്ചതിരുന്നത് പഞ്ചാബ് നാഷണൽ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കായിരുന്നു. അരവിന്ദ് എന്നയാളുടെ പേരിലുള്ള ഈ അക്കൗണ്ട് ഉപയോഗിക്കാൻ  അക്കൗണ്ട് ഉടമയ്ക്ക് മാസം 10,000 രൂപ നൽകിയിരുന്നു. കർണാടക സ്വദേശിയായ അരവിന്ദും അറസ്റ്റിലായിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നതായിരുന്നു രീതി.

ഇരുവരും നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒരു ഡയറി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പതിനായിരം പേരുടെ വ്യക്തി വിവരങ്ങൾ 2500 രൂപയ്ക്ക് ഒരു വെബ്സൈറ്റിൽ നിന്നാണ് വാങ്ങിയത്. ഇത് ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള ആളുകളെ ഫോണിൽ വിളിച്ചു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചുവരികയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!