ഇന്ത്യൻ സൈന്യത്തി​ന്റെ കരുത്ത് കൂട്ടാൻ വരുന്നു "ഉ​ഗ്രം"; അത്യാധുനിക ആക്രമണ റൈഫിളുമായി ഡിആര്‍ഡിഒ

By Web TeamFirst Published Jan 9, 2024, 2:45 PM IST
Highlights

ഹൈദരാബാദ് ആസ്ഥാനമായുള്ള ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്, ഡിആർഡിഒയുടെ പൂനെ ആസ്ഥാനമായുള്ള ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും (ARDE) ചേർന്നാണ് ഉ​ഗ്രം വികസിപ്പിച്ചെടുത്തത്.

പൂനെ: ഇന്ത്യൻ സൈന്യത്തിനു വേണ്ടി പുതിയ അത്യാധുനിക റൈഫിളുമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO). ഉ​ഗ്രം എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ആക്രമണ റൈഫിൾ ഡിആർഡിഒ യും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനവും ചേർന്നാണ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഉദ്യോ​​ഗസ്ഥർ ഉ​ഗ്രത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്.  ഡിആർഡിഒ ലാബ്, ഒരു സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് 7.62 x 51 എം.എം കാലിബർ റൈഫിൾ നിർമിക്കുന്നത് ഇതാദ്യമായാണെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.   

സായുധ സേനകളുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന പോലീസ് വിഭാഗങ്ങളുടെയും പ്രവർത്തന ആവശ്യങ്ങൾക്കായാണ്  റൈഫിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉഗ്രം എന്ന് പേരിട്ടിരിക്കുന്ന റൈഫിളിന്റെ ആദ്യ പ്രവർത്തന മാതൃക ഡിആർഡിഒയുടെ ആർമമെന്റ് ആൻഡ് കോംബാറ്റ് എഞ്ചിനീയറിംഗ് സിസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ.ശൈലേന്ദ്ര വി ഗഡെ പൂനെയിൽ തിങ്കളാഴ്ച പ്രദർശിപ്പിച്ചു.

Latest Videos

ഹൈദരാബാദ് ആസ്ഥാനമായുള്ള ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്, ഡിആർഡിഒയുടെ പൂനെ ആസ്ഥാനമായുള്ള ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും (ARDE) ചേർന്നാണ് ഉ​ഗ്രം വികസിപ്പിച്ചെടുത്തത്. 500 മീറ്റർ റേഞ്ചും നാല് കിലോഗ്രാമിൽ താഴെ മാത്രം ഭാരവുമുള്ള ഈ റൈഫിൾ  ഇന്ത്യൻ സൈന്യത്തിന് ഒരു മുതൽകൂട്ടായിരിക്കും . ഇന്ത്യൻ ആർമിയുടെ ജനറൽ സ്റ്റാഫ് ക്വാളിറ്റേറ്റീവ് റിക്വയർമെന്റുകൾ (GSQR) അടിസ്ഥാനമാക്കിയാണ് റൈഫിൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പദ്ധതിയിൽ പ്രവർത്തിച്ച എആർഡിഇ ശാസ്ത്രജ്ഞർ പറഞ്ഞു. 

റൈഫിളിന് 20 റൗണ്ട് മാഗസിന്‍ ശേഷിയാണുള്ളത്. കൂടാതെ സിംഗിൾ, ഫുൾ ,ഓട്ടോ മോഡിൽ ഫയർ ചെയ്യാനും സാധിക്കും . റൈഫിളിന്റെ കോൺഫിഗറേഷൻ ഏറ്റവും പുതിയ എകെ, എആർ വിഭാഗങ്ങളിലുള്ള റൈഫിളുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഡിസംബറിൽ ഇന്ത്യൻ സായുധ സേനയ്‌ക്കായി യുഎസ് നിർമ്മിത 70,000 എസ്‌ഐ‌ജി സോവർ ആക്രമണ റൈഫിൾ വാങ്ങാൻ അനുമതി നൽകിയ സമയത്താണ് 7.62 x 51 എംഎം കാലിബറിന്റെ ഈ പ്രത്യേക തരം ആക്രമണ റൈഫിളി​ന്റെ കാര്യം ഡിഫൻസ് അക്വിസിഷൻ കൗൺസിൽ മുന്നോട്ടുവെക്കുന്നത് . ഡിആർഡിഒയുടെ ഉഗ്രം സേനകളുടെ ഭാഗമാവുന്നതിന് മുമ്പ് നിരവധി പരിശോധനകളും ട്രയലുകളും ഉപയോഗ പരീക്ഷണങ്ങളും ഇനിയും കടന്നുപോകേണ്ടതുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!