Latest Videos

കർണാടക കോൺഗ്രസ് തർക്കം: അച്ചടക്കം പ്രധാനം, നേതാക്കൾക്ക് ഡി.കെ ശിവകുമാറിന്റെ കർശന മുന്നറിയിപ്പ്

By Web TeamFirst Published Jul 1, 2024, 5:50 PM IST
Highlights

പാർട്ടിയിൽ അച്ചടക്കം പ്രധാനമാണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന ഒരു പ്രസ്താവനയും നടത്തരുത്.

ബംഗ്ളൂരു: കർണാടക കോൺഗ്രസിലെ മന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കത്തിൽ നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഡി. കെ ശിവകുമാർ. മന്ത്രിമാരോ എംഎൽഎമാരോ വീടുകളിൽ ഒരു കാരണവശാലും പാർട്ടി യോഗങ്ങൾ നടത്തരുതെന്ന് ഡികെ ശിവകുമാർ നിർദ്ദേശിച്ചു. വിഭാഗീയ പ്രവർത്തനങ്ങൾ വച്ച് പൊറുപ്പിക്കില്ല. പാർട്ടിയിൽ അച്ചടക്കം പ്രധാനമാണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്ന ഒരു പ്രസ്താവനയും നടത്തരുത്. ഡി കെ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ട ചന്നാഗിരി എംഎൽഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഡി കെ വ്യക്തമാക്കി. 

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിദ്ധരാമയ്യ പക്ഷത്തെ മന്ത്രിമാരും എംഎൽഎമാരും കൂടുതൽ ഉപമുഖ്യമന്ത്രി പദവികൾ ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചതിന് പിന്നാലെയാണ് തർക്കം ആരംഭിച്ചത്. ദളിത്, ഗോത്ര, പിന്നാക്ക വിഭാഗങ്ങളിൽ നിന്നും വീരശൈവ ലിംഗായത്ത് വിഭാഗത്തിൽ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് മന്ത്രിമാരായ കെ എൻ രാജണ്ണയും സതീഷ് ജർക്കിഹോളിയും പരസ്യമായി ആവശ്യപ്പെട്ടതോടെ എല്ലാം പരസ്യമായി. 

അങ്ങനെയെങ്കിൽ ഒരു ഡസൻ ഉപമുഖ്യമന്ത്രിമാർ വന്നാലും സാരമില്ല, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്നായിരുന്നു  ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗയുടെ ആവശ്യം. വ്യാഴാഴ്ച നടന്ന കെംപെഗൗഡ ജയന്തി ചടങ്ങിൽ ലിംഗായത്ത് ആത്മീയനേതാക്കളിലൊരാളായ ചന്ദ്രശേഖരസ്വാമി സിദ്ധരാമയ്യയെ വേദിയിലിരുത്തിക്കൊണ്ട് തന്നെ ശിവകുമാറിനായി വഴി മാറിക്കൊടുക്കണമെന്ന് പരസ്യമായി പറഞ്ഞു. ഇതോടെയാണ് ഹൈക്കമാൻഡ് ഇടപെടൽ വന്നത്. 

'വായടക്കി മിണ്ടാതിരിക്കണം'; പരസ്യ പ്രസ്താവന വിലക്കി ഡികെ, കർണാടകയിലെ മുഖ്യമന്ത്രി തർക്കം ഒത്തുതീർപ്പിലേക്ക്

ദില്ലിയിലെത്തിയ സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കണ്ടു. ഇരുപക്ഷത്തെയും മന്ത്രിമാരെയും എംഎൽഎമാരെയും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു. തിരിച്ച് ബെംഗളുരുവിലെത്തിയ ഡി കെ ശിവകുമാർ ഏതെങ്കിലും പാർട്ടി നേതാവ് നേതൃമാറ്റത്തെക്കുറിച്ച് ഇനി പരസ്യമായി പറഞ്ഞാൽ ഉടൻ നടപടിയെന്ന് മുന്നറിയിപ്പ് നൽകി.

നേതൃമാറ്റത്തെച്ചൊല്ലിയുള്ള തമ്മിലടിയുണ്ടായാൽ അത് സർക്കാരിനെത്തന്നെ പിടിച്ചുലച്ചേക്കുമെന്നും ബിജെപി അവസരം മുതലെടുക്കുമെന്നും നന്നായറിയാവുന്ന സിദ്ധരാമയ്യയും ഡി കെ ശിവകുമാറും സ്വന്തം പക്ഷത്തെ നേതാക്കളെ നിയന്ത്രിക്കും. അഞ്ച് വർഷക്കാലാവധി കലഹങ്ങളില്ലാതെ പൂർത്തിയാക്കി 2028-ലെ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് തന്നെയാണ് നിലവിൽ ഇരുവരുടെയും ലക്ഷ്യം.

 

 

click me!