ന്യൂസ് ക്ലിക്കിനെതിരായ നടപടി: സുപ്രീംകോടതി ഇടപെടൽ തേടി മാധ്യമപ്രവർത്തകർ, പ്രതിഷേധ മാർച്ചിന് അനുമതിയില്ല

By Web TeamFirst Published Oct 4, 2023, 12:01 PM IST
Highlights

വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നാണ് മാധ്യമ പ്രവർത്തകർ മുന്നോട്ട് വെക്കുന്ന ആവശ്യം.

ദില്ലി : ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിൽ, മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി, എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത നടപടിയിൽ സുപ്രീം കോടതി ഇടപെടൽ തേടി മാധ്യമപ്രവർത്തകർ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തയച്ചു. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിലെ ആവശ്യം. വിഷയത്തിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു.

'ഒരു മുന്നറിയിപ്പും കൂടാതെ പുലര്‍ച്ചെ വീടുകളില്‍ നടത്തിയ റെയ്ഡിൽ മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും പിടിച്ചെടുത്തു. കടുത്ത മനുഷ്യാവകാശ ലംഘനവും, തൊഴില്‍ അവകാശങ്ങളുടെ ലംഘനവും നടന്നു. അന്വേഷണ ഏജന്‍സികളെ പ്രതികാര നടപടിക്ക് ഉപയോഗിക്കുകയാണ്. കുറ്റം എന്തെന്ന് കൃത്യമായി ബോധിപ്പിക്കാതെയുള്ള ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കണം. ഔദ്യോഗിക, സ്വകാര്യ വിവരങ്ങള്‍ ഉള്ള മൊബൈല്‍ ഫോണും, ലാപ്പ് ടോപ്പും പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണം'. ഇതിനായി നിയമം കൊണ്ടുവരണം. തെറ്റായ ദിശയില്‍ അന്വേഷണം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, അടിയന്തര ഇടപെടല്‍ വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 

Latest Videos

ന്യൂസ് ക്ലിക്കിനെതരായ ദില്ലി പൊലീസിന്റെ നടപടിയിൽ മാധ്യമ സംഘടനകൾ ഇന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നിന്ന് ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധ മാർച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്ന കാരണം ഉന്നയിച്ചാണ് വൈകിട്ട് നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത്. 

വിവാദ വ്യവസായിയുമായി ബന്ധം, ന്യൂസ് ക്ലിക്ക് അന്വേഷണ പരിധിയിലേക്ക് കാരാട്ടും? ഇ-മെയിൽ പരിശോധിച്ചേക്കും

ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസിൽ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, എച്ച് ആർ മാനേജർ അമിത് ചക്രവർത്തി എന്നിവരെ കോടതി ഇന്ന് 7 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഇന്നലെയാണ് ദില്ലി പൊലീസ് ന്യൂസ് ക്ലിക് ഓഫീസിൽ റെയ്ഡ് നടത്തി സീൽ ചെയ്ത ശേഷം എഡിറ്ററടക്കം രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനീസ് ഫണ്ട് സ്ഥാപനത്തിലേക്കെത്തിയെന്ന കേസില്‍ ജീവനക്കാരടക്കം 46 പേരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ ഇന്ന് വീണ്ടും വിളിപ്പിക്കാനാണ് ദില്ലി പൊലീസിന്റെ നീക്കം. പുർകായസ്ഥയുടെ ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുനഃപരിശോധിക്കാനാണ് നടപടി. ദില്ലി പൊലീസ് നടപടിക്കെതിരെ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കും. 

എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എഡിറ്റർ പ്രബിര്‍ പുര്‍കായസ്ഥയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരായ ഊര്‍മ്മിളേഷ്, പരണ്‍ജോയ് ഗുഹ,ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരടക്കം 46 പേരെ ചോദ്യം ചെയ്തു. മുപ്പതിലധികം സ്ഥലങ്ങളിൽ റെയ്ഡും നടത്തി. 

 

 

 

 

click me!