വിവേക് വിഹാറില്‍ ചട്ടങ്ങള്‍ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് അപകടം ഉണ്ടായത്. ആശുപത്രിയുടെ താഴെ പ്രവർത്തിച്ചിരുന്നു ഓക്സിജന്‍ സിലണ്ടറിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടുത്തമുണ്ടായെതന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ദില്ലി: ദില്ലിയില്‍ നവജാതശിശുക്കളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റില്‍. ആശുപത്രിക്ക് തീപിടിച്ചതിന് പിന്നാലെ ഒളിവിൽ പോയ നവീൻകിച്ചിയെ ദില്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു.
തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിക്കുകയും അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവേക് വിഹാറില്‍ ചട്ടങ്ങള്‍ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് അപകടം ഉണ്ടായത്. ആശുപത്രിയുടെ താഴെ പ്രവർത്തിച്ചിരുന്നു ഓക്സിജന്‍ സിലണ്ടറിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടുത്തമുണ്ടായെതന്ന് പ്രദേശവാസികള്‍ പറഞ്ഞു.
undefined
രാത്രി 11.45 ഓടെയാണ് വിവേക് വിഹാറിലെ നവജാത ശിശുക്കള്‍ക്കായുളള ബേബി കെയർ ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. 12 കുഞ്ഞുങ്ങള്‍ ആശുപത്രിയിൽ ഉള്ളപ്പോഴായിരുന്നു തീപിടുത്തം. ആശുപത്രിയില്‍ പൂര്‍ണമായും തീ പിടിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ പിൻവാതിലിലൂടെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. ഏഴ് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ട് വലിയ കെട്ടിടങ്ങള്‍ക്കിടയിലുള്ള പരിമിതമായ സ്ഥലത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയോട് ചേർന്നുള്ള കെട്ടിടങ്ങളും ഭാഗികമായി കത്തി നശിച്ചു. നവജാത ശിശുക്കളുടെ ആശുപത്രിക്കായുള്ള ചട്ടങ്ങളൊന്നും പാലിക്കാതെയായിരുന്നു ബേബികെയറിന്‍റെ പ്രവർത്തനം. മൂന്ന് നിലയുള്ള കെട്ടിടത്തിന്‍റെ ആദ്യ നില ഓക്സിജന്‍ സിലണ്ടറുകളുടെ ഗോഡൗണായിരുന്നു. ഇവിടെ അഞ്ച് തവണ സ്ഫോടനമുണ്ടായെന്ന് സമീപവാസികള്‍ പറഞ്ഞു.
ആശുപത്രി ഉടമയായ നവീൻ കിച്ചിയെ ദില്ലി പൊലീസ് 15 മണിക്കൂറിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യ അടക്കമുളള വകുപ്പുകള്‍ ചേർത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ദില്ലി സർക്കാർ ആരോഗ്യ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിയോടും ലെഫ്റ്റനന്‍റ് ഗവർണർ നിർദേശിച്ചു. ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.