ഡേറ്റിങ് ആപ്പിലൂടെ ശിൽപയും സൗരഭും പരിചയപ്പെട്ട ശേഷം കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഒരുമിച്ച് ജീവിക്കുകയാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
നോയിഡ: യുവതിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ സൗരഭ് മീണയാണ് നോയിഡയിൽ അറസ്റ്റിലായത്. ഇയാളുടെ അപ്പാർട്ട്മെന്റിലാണ് ശിൽപ ഗൗതം എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നോയിഡ സെക്ടർ 100ലെ ലോട്ടസ് ബൊളിവാഡ് അപ്പാർട്ട്മെന്റിലെ എട്ടാം ടവറിൽ രാവിലെ പൊലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും വിവരമറിഞ്ഞത്. സൗരഭിന്റെ ഫ്ലാറ്റിലെത്തിയ ഉദ്യോഗസ്ഥർ വാതിൽ തുറന്നപ്പോൾ ശിൽപയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ശിൽപ.
undefined
ഡേറ്റിങ് ആപ്പിലൂടെ ശിൽപയും സൗരഭും പരിചയപ്പെട്ട ശേഷം കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഒരുമിച്ച് ജീവിക്കുകയാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ സൗരഭ് ദേഹോപദ്രവം എൽപിക്കുകയും കബളിപ്പിക്കുകയും ചെയ്തിരുന്നുവെന്നും യുവതിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. പ്രശ്നങ്ങളെച്ചൊല്ലി തർക്കങ്ങളും കൈയേറ്റവും പതിവായിരുന്നു എന്നും പിതാവ് പറയുന്നു.
എന്നാൽ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നും മൂന്ന് മാസം മുമ്പ് മാത്രമാണ് യുവതിയെ ഡേറ്റിങ് ആപിലൂടെ പരിചയപ്പെട്ടതെന്നുമാണ് സൗരഭിന്റെ വാദം. മകളെ സൗരഭ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് സൗരഭിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസിന്റെ എല്ലാ വശവും പരിശോധിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ യാഥാർത്ഥ മരണ കാരണം വ്യക്തമാവൂ എന്നും പൊലീസ് പറയുന്നു. രണ്ട് പേരുടെയും ഫോണുകളും അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം