'കശ്മീർ' സുപ്രീം കോടതി വിധി അസ്വസ്ഥപ്പെടുത്തുന്നത്, മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടായേക്കാം: യെച്ചൂരി

By Web TeamFirst Published Dec 11, 2023, 3:51 PM IST
Highlights

തെരഞ്ഞെടുപ്പ് നടത്തുവാൻ എന്ത് കൊണ്ടാണ് ഇത്രയും സമയം അനുവദിച്ചതെന്ന് ചോദിച്ച സി പി എം ജനറൽ സെക്രട്ടറി, ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താമായിരുന്നില്ലേ എന്നും ചൂണ്ടികാട്ടി

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ച സുപ്രീംകോടതിക്കെതിരെ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി വിധി അസ്വസ്ഥപ്പെടുത്തുന്നതാണെന്നാണ് യെച്ചൂരി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് നടത്തുവാൻ എന്ത് കൊണ്ടാണ് ഇത്രയും സമയം അനുവദിച്ചതെന്ന് ചോദിച്ച സി പി എം ജനറൽ സെക്രട്ടറി, ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താമായിരുന്നില്ലേ എന്ന ചോദ്യവും മുന്നോട്ടുവച്ചു. ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടായേക്കുമെന്ന ആശങ്കയും സീതാറാം യെച്ചൂരി പങ്കുവച്ചു.

കേന്ദ്രത്തിന് ആശ്വാസം; കൂടുതല്‍ ശക്തമായ ഇന്ത്യ നിർമ്മിക്കാൻ പ്രതീക്ഷ നല്‍കുന്ന വിധിയെന്ന് മോദി

Latest Videos

അതേസമയം മറ്റ് സംസ്ഥാനങ്ങൾക്കുള്ള അധികാരമേ ജമ്മു കശ്മീരിനുള്ളൂ എന്ന് വ്യക്തമാക്കിയാണ് ഇന്ന് സുപ്രീം കോടതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ചത്. 370 അനുച്ഛേദം താൽകാലികം മാത്രമാണെന്നും കശ്മീരിനെ രാജ്യത്തോട് കൂട്ടിച്ചേർക്കാനുള്ള നടപടികളുടെ തുടർച്ചമാത്രമാണ് 370 അനുച്ഛേദം എടുത്ത കളഞ്ഞനീക്കമെന്നും കോടതി നിരീക്ഷിച്ചിരുന്നു. സംസ്ഥാനത്ത് നിയമസഭ ഇല്ലാത്തതിനാൽ രാഷ്ട്രപതിക്കും പാർലമെന്റിനും ഇക്കാര്യത്തിൽ അധികാരമുണ്ടെന്നും കോടതി വിധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെ രണ്ടാക്കിയ നടപടിയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതും കോടതി അംഗീകരിക്കുകയും ചെയ്തു. ജമ്മു കശ്മീരിന് എത്രയും വേഗം പൂർണ്ണ സംസ്ഥാന പദവി നൽകുമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അടുത്ത വർഷം സെപ്തംബർ മുപ്പതിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ടാണ് കോടതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ചത്. കശ്മീരിന്റെ മുറിവ് ഉണക്കമെന്നും ഇരുഭാഗത്ത് നിന്നുള്ള മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ വെക്കണമെന്നും നിർദ്ദേശം ജസ്റ്റിസ് എസ് കെ കൗളിന്റെ വിധിയിലുണ്ട്.

അതിനിടെ ജമ്മുകശ്മീര്‍ പുനഃസംഘടനാ നടപടി സുപ്രീംകോടതി ശരിവച്ചത് കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കോടതിയുടെ നിരീക്ഷണം നിലപാടിനുള്ള അംഗീകാരമായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. വിധി ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. പാർലമെന്റ് നടപടിയെ കോടതി ശരിവച്ചിരിക്കുകയാണ്. കൂടുതല്‍ ശക്തമായ ഇന്ത്യ നിർമ്മിക്കാന് പ്രതീക്ഷ നല്‍കുന്ന വിധിയെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!