പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർത്ഥിയുടെ ലീഡ് കാൽ ലക്ഷം കടന്നു
ദില്ലി:ഏഴു സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് വൻ മുന്നേറ്റം. 13 സീറ്റുകളിൽ ഒരിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്. 11 സീറ്റുകളിലും ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ ലീഡ് ചെയ്യുകയാണ്. ഹിമാചൽ പ്രദേശിൽ രണ്ട് സീറ്റുകളിൽ വിജയം ഉറപ്പിച്ചതോടെ സർക്കാറിനുള്ള ഭീഷണി മറികടക്കാൻ കോൺഗ്രസിനായി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ മുന്നേറ്റം വ്യക്തമാക്കുന്ന തരത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
13 സീറ്റുകളിൽ 11 ഇടത്തും പ്രതിപക്ഷ പാർട്ടികളാണ് മുന്നിലുള്ളത്. ഒരിടത്ത് സ്വതന്ത്രനാണ് മുന്നേറുന്നത്. പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും ടിഎംസി സ്ഥാനാർത്ഥികൾ വൻ വ്യത്യാസത്തിൽ ലീഡ് ചെയ്യുകയാണ്. മണിക്തലയിൽ ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് കല്യാൺ ചൗബേ കാൽ ലക്ഷത്തിലധികം വോട്ടിന് പിന്നിലാണ്. മൂന്നിടത്ത് ബിജെപി എംഎൽഎമാർ രാജിവെച്ച് ടിഎംസിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
undefined
ഹിമാചൽ പ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ടിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മുന്നിൽ. ദെഹ്രയിൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ 9300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഹാമിർ പൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ആശിഷ് ശർമ്മയുടെ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. മൂന്നിടത്തും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
മധ്യപ്രദേശിലെ ഒരു സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നിൽ. ഉത്തരാഖണ്ഡിൽ രണ്ട് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിലാണ്. തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥി അണ്ണിയൂർ ശിവ വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപി സ്ഥാനാർത്ഥി മോഹീന്ദർ ഭഗത് വിജയിച്ചത്. എംഎൽഎയായിരിക്കേ ബിജെപിയിൽ ചേർന്ന ശീതൾ അംഗുർലാൽ കനത്ത പരാജയം ഏറ്റുവാങ്ങി.
ബിഹാറിലെ രുപൗലിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മുന്നിൽ. ജെഡിയു എംഎൽഎ ആർജെഡിയിൽ ചേർന്നതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ച സംസ്ഥാനങ്ങളിൽ പോലും വിജയിക്കാനായത് കോൺഗ്രസിന് വൻ ഊർജ്ജം നല്കുകയാണ്.
പ്രകാശ് ബാബുവിന് വീണ്ടും കടുംവെട്ട്, ദേശീയ സെക്രട്ടേറിയേറ്റിലേക്ക് കേരള ഘടകം നിർദേശിച്ചത് ആനി രാജയെ