രാജ്യതലസ്ഥാനമായ ദില്ലിയെ ഞെട്ടിച്ച് വീണ്ടും മയക്കുമരുന്ന് വേട്ട. 5,600 രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഇപ്പോൾ പിടികൂടിയ കൊക്കെയ്നെന്നും പൊലീസ്.
ദില്ലി: രാജ്യതലസ്ഥനായ ദില്ലിയിൽ 2,000 കോടി രൂപ വിലവരുന്ന 200 കിലോ കൊക്കെയ്ൻ പിടികൂടി. പടിഞ്ഞാറൻ നഗരമായ രമേഷ് നഗറിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ ദില്ലിയിൽ നിന്ന് 7,000 കോടി രൂപയുടെ കൊക്കെയ്നാണ് സ്പെഷ്യൽ സെൽ പിടികൂടിയത്. ദില്ലി പൊലീസിൻ്റെ പ്രത്യേക സെൽ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു. എന്നാൽ, പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. 5,600 രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഇപ്പോൾ പിടികൂടിയ കൊക്കെയ്നെന്നും പൊലീസ് പറയുന്നു. ഒരാഴ്ചക്കിടെ നടന്നത് രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച 500 കിലോ കൊക്കെയ്ൻ പിടികൂടിയിരുന്നു. ദക്ഷിണ ദില്ലിയിൽ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ അമൃത്‌സറിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജസ്സി എന്നറിയപ്പെടുന്ന ജിതേന്ദ്ര പാൽ സിങ്ങിനെ സ്‌പെഷ്യൽ സെൽ പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വൻ കൊക്കെയ്ൻ ശേഖരത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 17 വർഷമായി ഇയാൾ യുകെയിൽ താമസിക്കുകയാണെന്നും ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
undefined
ദില്ലിയിലും മുംബൈയിലും പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിനും ദുബായുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു. വീരേന്ദ്ര ബസോയ എന്ന ഇന്ത്യൻ പൗരനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ദില്ലിയിലെ തിലക് നഗർ ഏരിയയിൽ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നുമായി രണ്ട് അഫ്ഗാൻ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പുതിയ മയക്കുമരുന്ന് വേട്ട.