കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിളിനെ സ്ഥലം മാറ്റി, പുതിയ ജോലി സ്ഥലം ബംഗ്ളൂരു

By Web TeamFirst Published Jul 3, 2024, 9:41 PM IST
Highlights

നിലവിൽ കൗർ സസ്പെൻഷനിലാണ്. ബംഗളുരു വിമാനത്താവളത്തിലെ സുരക്ഷാ ഡ്യൂട്ടിയാകും സസ്പെൻഷൻ പിൻവലിച്ചാൽ കൗറിന് ലഭിക്കുക

ബംഗ്ളൂരു :കങ്കണ റണാവത്ത് എംപിയെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ സ്ഥലം മാറ്റി. കർണാടക സിഐഎസ്എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കുൽവിന്ദർ കൗറിനെ സ്ഥലം മാറ്റിയത്. ഈ ബറ്റാലിയനാണ് ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല. നിലവിൽ കൗർ സസ്പെൻഷനിലാണ്. ബംഗളുരു വിമാനത്താവളത്തിലെ സുരക്ഷാ ഡ്യൂട്ടിയാകും സസ്പെൻഷൻ പിൻവലിച്ചാൽ കൗറിന് ലഭിക്കുക. കൗറിനെതിരായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്നും സിഐഎസ്എഫ് വ്യക്തമാക്കി.  

ഹിമാചലിലെ മണ്ഡിയിൽ വിജയം നേടിയ കങ്കണ റണാവത്ത് ദില്ലിക്ക് പോകാൻ ചണ്ഡിഗഡ് വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ സി ഐ എസ് എഫ് വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്നാണ് പരാതി. സംഭവശേഷമുണ്ടായ ബഹളത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. കർഷകസമരവുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ വനിത കോൺസ്റ്റബിൾ  തന്നെ  മർദ്ദിച്ചെന്ന് കങ്കണ വിശദീകരിച്ചു. പഞ്ചാബിലെ ഭീകരവാദത്തെ എങ്ങനെ നിയന്ത്രിക്കുമെന്ന് ചോദിച്ചായിരുന്നു കങ്കണയുടെ വിശദീകരണം 

നൂറു രൂപ കൂലി വാങ്ങിയാണ് വനിതകൾ കർഷക സമരത്തിൽ പങ്കെടുക്കുന്നതെന്ന കങ്കണ റണാവത്തിന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു. തൻറെ അമ്മയും സമരത്തിൽ പങ്കെടുത്തതാണെന്നും കള്ളം പറഞ്ഞതിനുള്ള മറുപടിയായാണ് കങ്കണയെ അടിച്ചതെന്ന് വനിത കോൺസ്റ്റബിൾ പറയുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നിരുന്നു. 

click me!