ചംപായ് സോറൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; എംഎൽഎ മാരെ ഹൈദരാബാദിലേക്ക് മാറ്റാൻ നീക്കം

By Web TeamFirst Published Feb 2, 2024, 12:44 PM IST
Highlights

ജാർഖണ്ഡ് എംഎൽഎമാർ വീണ്ടും ഹൈദരാബാദിലേക്ക് റാഞ്ചി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായാണ് വിവരം

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജിവച്ച സാഹചര്യത്തിലാണ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ​ഗതാ​ഗത, എസ്‌സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ഹേമന്ത് സോറന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഇദ്ദേഹം, ജെഎംഎം സംസ്ഥാന വൈസ് പ്രസിഡന്റ്. അതിനിടെ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഭരണമുന്നണിയുടെ 39 എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റുമെന്നും വിവരമുണ്ട്.

സരായ്കേല മണ്ഡലത്തിൽനിിന്നുള്ള എംഎൽഎയാണ് ചംപായ് സോറൻ. 67 വയസാണ് പ്രായം. ആദിവാസി-പിന്നാക്ക വിഭാ​ഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ബിജെപി സ്വാധീനമുള്ള കൊൽഹാൻ മേഖലയിൽ നിന്നുള്ള നേതാവാണ്. ഈ പ്രദേശത്ത് ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താൻ കൂടിയാണ് ചംപായ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കോൺ​ഗ്രസ് എംഎൽഎ ആലം​ഗിർ ആലം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആർജെഡി എംഎൽഎ സത്യനാന്ദ് ഭോക്തയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ജെഎംഎം അറിയിച്ചു.

Latest Videos

ജാർഖണ്ഡ് എംഎൽഎമാർ വീണ്ടും ഹൈദരാബാദിലേക്ക് പോകുമെന്നാണ് വിവരം. എംഎൽഎമാർ റാഞ്ചി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രിയുൾപ്പടെ 3 പേർ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ നിലവിൽ ബിജെപിക്ക് സ്വാധീനം കുറവായതിനാൽ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഒരു പരിധിവരെ തടയാനാവുമെന്ന കണക്കുകൂട്ടലാണ് സംസ്ഥാനത്തെ നേതാക്കൾക്കുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!