രാജ്യത്തെ 89% കൊവിഡ് കേസുകളും കേരളത്തിലെന്ന് കണക്ക്; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

By Web TeamFirst Published Dec 18, 2023, 7:13 PM IST
Highlights

പരിശോധന ഉറപ്പാക്കണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നിൽ കണ്ട് രോ​ഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. 

ദില്ലി: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാ​ഗ്രത വേണമെന്നാണ് നിര്‍ദ്ദേശം. പരിശോധന ഉറപ്പാക്കണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം, ഉത്സവക്കാലം മുന്നിൽ കണ്ട് രോ​ഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. 

പുതുക്കിയ കൊവിഡ് മാർ​ഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജില്ലാ തലത്തിൽ രോ​ഗ ലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടി പിസിആർ - ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ Indian SARS COV-2 Genomics Consortium (INSACOG) ലബോറട്ടറികളിൽ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവൽക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിലെ 89.38 ശതമാനം കൊവിഡ് കേസുകളും നിലവില്‍ കേരളത്തിലാണ്.

Latest Videos

അതേസമയം, അതിവേഗം പടരുന്ന ജെ എൻ വൺ കേരളത്തിന് ആശങ്കയായി തുടരുകയാണ്. 111 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഒന്നരമാസത്തിനിടെ 1600 ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 10 മരണം റിപ്പോർട്ട് ചെയ്തു. പക്ഷെ മരിച്ചവർക്ക് മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നു. നവംബർ മുതൽ കേസുകൾ കൂടുന്നുണ്ടെന്ന് സമ്മതിച്ച ആരോഗ്യമന്ത്രി, ആശങ്ക വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 

click me!