സിഗരറ്റ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍

By Web Team  |  First Published Jan 3, 2021, 9:36 AM IST

പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സർക്കാർ തയാറാക്കിയിട്ടുണ്ട്. നിലവിൽ 18 വയസ്സാണു പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി.


ദില്ലി: സിഗരറ്റടക്കമുള്ള പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുകയില ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമം 2003ല്‍ ഭേഗദതി വരുത്തനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സർക്കാർ തയാറാക്കിയിട്ടുണ്ട്. നിലവിൽ 18 വയസ്സാണു പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതിക്കു ചുക്കാൻ പിടിക്കുന്നത്.

Latest Videos

undefined

ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസ്സിൽ താഴെയുള്ളയാൾക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ പരിധിയിലോ വിൽക്കുകയോ വിൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്. പുകയില നിരോധന നിയമത്തിന്റെ 7മത്തെ വകുപ്പും ഭേദഗതി ചെയ്തു.

നിയമം തെറ്റിക്കുന്നവർക്ക് രണ്ടു വർഷംവരെ തടവും ഒരു ലക്ഷം വരെ പിഴയും ഈടാക്കിയേക്കും. ഇതിനു പുറമേ നിർദേശിച്ചിരിക്കുന്നതിലും വളരെ കുറച്ച് അളവിൽ പുകയില ഉത്പന്നങ്ങൾ നേരിട്ടോ അല്ലാതെയോ വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകരമാണെന്ന വ്യവസ്ഥ കൂടി ചേർക്കും. ഇത് ലംഘിക്കുന്നവർക്ക് അഞ്ചു വർഷംവരെ തടവും പിഴയും അനുഭവിക്കേണ്ടി വരും.

അനധികൃതമായി സിഗരറ്റുകളും പുകയില ഉത്പന്നങ്ങളും വിൽക്കുന്നതിനെതിരെയും നിയമം വന്നേക്കും. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയിൽനിന്ന് 2000 രൂപയാക്കുമെന്നാണ് ബില്ലിന്റെ കരടിൽ പറയുന്നത്. ഇതു കൂടാതെ പുകയില ഉത്പന്നങ്ങളുടെ പരസ്യത്തിലും മറ്റും പങ്കാളിയാകുന്നതും പുകയില ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും കുറ്റമായി കണക്കാക്കുന്നു. 
 

click me!