സംസ്ഥാനങ്ങളുടെ നിയമങ്ങൾ അപര്യാപ്തം; തീരക്കടലിനപ്പുറം മീൻപിടുത്തം നിയന്ത്രിക്കാൻ കേന്ദ്ര നിയമം വേണം- സിഎംഎഫ്ആർഐ

By Web Team  |  First Published Jan 8, 2024, 4:54 PM IST

12 നോട്ടിക്കൽ മൈൽ പരിധിയിലുള്ള തീരക്കടലിനപ്പുറം ഇന്ത്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നിയന്ത്രിക്കാൻ കേന്ദ്ര നിയമം അനിവാര്യമാണെന്ന് നയ രൂപീകരണത്തിനുള്ള സിഎംഎഫ്ആർഐയുടെ നിർദേശം ചൂണ്ടിക്കാട്ടി.


കൊച്ചി: ഇന്ത്യൻ സമുദ്ര മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിനായി കേന്ദ്ര നിയമനിർമാണം (മറൈൻ ഫിഷറി ആക്ട്) ഉൾപ്പെടെ സമഗ്രമായ നിർദേശങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). 12 നോട്ടിക്കൽ മൈൽ പരിധിയിലുള്ള തീരക്കടലിനപ്പുറം ഇന്ത്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നിയന്ത്രിക്കാൻ കേന്ദ്ര നിയമം അനിവാര്യമാണെന്ന് നയ രൂപീകരണത്തിനുള്ള സിഎംഎഫ്ആർഐയുടെ നിർദേശം ചൂണ്ടിക്കാട്ടി.

നീതി ആയോഗിന്റെ നേതൃത്വത്തിൽ സിഎംഫ്ആർഐയിൽ നടന്ന ദേശീയ ശിൽപശാലയുടെ ഭാഗമായുള്ള വികസന ചർച്ചയിലാണ് ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ നിർദേശങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യൻ സമുദ്രാതിർത്തിയിൽ സുസ്ഥിരരീതികൾ നടപ്പിലാക്കുന്നതിന് ഇത്തരം നിയമനിർമാണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തീരക്കടലുകളിലെ മത്സ്യബന്ധനങ്ങൾ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിയമങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്.

Latest Videos

സമുദ്ര സമ്പത്തിന്റെ ശാസ്ത്രീയ വംശസംഖ്യാ നിർണയം (സ്റ്റോക് അസസ്മെന്റ്) വ്യവസ്ഥാപിതമാക്കണമെന്നതാണ് മറ്റൊരു ശുപാർശ. ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യു ടി ഒ) സബ്സിഡിയുമായി ബന്ധപ്പെട്ട ചർച്ചകളിലും മറ്റ് അന്തർദേശീയ വ്യവഹാരങ്ങളിലും സമുദ്രസമ്പത്തിന്റെ ആരോഗ്യാവസ്ഥ നിർണായകമാണെന്നതിനാൽ ഈ കണക്കെടുപ്പ് വ്യവസ്ഥാപിതമാക്കുന്നതിന് കേന്ദ്രസർക്കാർ മുൻകയ്യെടുക്കണമെന്നാണ് നിർദേശം.

സീഫു‍ഡ് കയറ്റുമതി ശക്തിപ്പെടുത്തുന്നതിനാവശ്യമായ സമുദ്രവിഭവങ്ങളുടെ ഇക്കോ-ലേബലിങ്ങിന് ദേശീയ മാർഗനിർദേശങ്ങൾ വേണം. ഈ രംഗത്തെ സ്വകാര്യസംരംഭകത്വം, ചെറുകിട മത്സ്യത്തൊഴിലാളികളുടെയും മത്സ്യ സംസ്കരണ രംഗത്തെ സംരംഭകരുടെയും ഉപജീവനം സംരക്ഷിക്കുന്ന തരത്തിൽ നിയന്ത്രണ വിധേയമാക്കണം. കടലിലെ കൂടുമത്സ്യ കൃഷി ഉൾപ്പെടെയുള്ള മാരികൾച്ചർ രംഗം കൂടുതൽ കാര്യക്ഷമമാക്കണം. സമുദ്രമത്സ്യലഭ്യതയുടെ കണക്കെടുപ്പിനും മത്സ്യബന്ധന യാനങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റും നിർമിതബുദ്ധി അധിഷ്ടിത ഓട്ടോമേറ്റഡ് സംവിധാനങ്ങൾ കൊണ്ടുവരണം. 
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണ-പഠനപദ്ധതികൾ ആരംഭിക്കുന്നതിന് ഊന്നൽ നൽകണം. മത്സ്യത്തീറ്റകൾക്കായി ഉപയോഗിക്കാവുന്ന മധ്യോപരിതല മത്സ്യസമ്പത്തിന്റെ നിലവിലെ സ്ഥിതിയും സാധ്യതകളും  കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങൾ വേണം. മെഴുക് എസ്റ്ററുകൾ ധാരാളമുള്ളതിനാൽ ഈ മത്സ്യങ്ങൾ മനുഷ്യർക്ക് കഴിക്കാനാകില്ല. ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപ് മത്സ്യമേഖലയുടെ വികസനത്തിന് കൂടുതൽ ശ്രദ്ധ നൽകണം. 
മത്സ്യത്തൊഴിലാളികളുടെ സ്വത്തിനും ജീവനും സുരക്ഷയൊരുക്കുന്നതിനായി അപകട ഇൻഷുറൻസ്, ബോട്ട് ഇൻഷുറൻസ് തുടങ്ങിയവ കാര്യക്ഷമമായി നടപ്പിൽവരുത്തണം. മത്സ്യോൽപാദനം കൂട്ടാനായി കടലിൽ കൃത്രിമപാരുകൾ സ്ഥാപിക്കുന്ന പദ്ധതി അവ എത്രത്തോളം ഫലപ്രദമാകുന്നുവെന്നതിനുള്ള തുടർപഠനങ്ങളും നിരീക്ഷണങ്ങളും നടത്തി മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനം വേണം - തുടങ്ങിയവയാണ് സിഎംഎഫ്ആർഐയുടെ പ്രധാന നിർദേശങ്ങൾ.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെനയാണ് ചർച്ച നിയന്ത്രിച്ചത്. മത്സ്യബന്ധനമേഖലയിൽ ഇനി പുരോഗതി കൈവരിക്കുന്നതിന് ആഴക്കടലിൽ സമ്പത്ത് പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നീതി ആയോഗ് അംഗം പ്രൊഫ. രമേശ് ചന്ദ് ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ പ്രതിനിധീകരിച്ചെത്തിയ നയരൂപീകരണ വിദഗ്ധർ, ഗവേഷകർ, വ്യവസായപ്രമുഖർ, മത്സ്യത്തൊഴിലാളി-ബോട്ടുടമ പ്രതിനിധികൾ തുടങ്ങയവരുടെ സാന്നിധ്യത്തിലാണ് സിഎംഎഫ്ആർഐ നിർദേശങ്ങൾ അവതരിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!