20 ലക്ഷം രൂപ പ്രതിഫലമായി പറഞ്ഞിരുന്നതിൽ ആകെ ഒരു ലക്ഷം രൂപ മാത്രം അഡ്വാൻസായി വാങ്ങിയെന്നും ബാക്കി പണം തരുന്നില്ലെന്നുമാണ് ക്വട്ടേഷൻ കൊലയാളിയുടെ പരാതി.
മീററ്റ്: പറഞ്ഞുറപ്പിച്ച പണം മുഴുവനായി കിട്ടിയില്ലെന്ന് ആരോപിച്ച് വാടക കൊലയാളി പൊലീസിനെ സമീപിച്ചതോടെ ഒരു വർഷം മുമ്പുള്ള ഒരു കൊലപാതക കേസ് വീണ്ടും തുറന്നിരിക്കുകയാണ് ഉത്തർപ്രദേശ് പൊലീസ്. കൊലനടത്തുന്നതിന് പ്രതിഫലമായി തനിക്ക് 20 ലക്ഷം രൂപയാണ് തരാമെന്ന് പറഞ്ഞിരുന്നതെന്നും അതിൽ ഒരു ലക്ഷം മാത്രമേ കിട്ടിയിട്ടുള്ളൂ എന്നുമാണ് വാടക കൊലായാളിയായ നീരജ് ശർമ എന്നയാൾ പൊലീസിനെ സമീപിച്ച് അറിയിച്ചത്. ബാക്കി 19 ലക്ഷം ചോദിച്ച് ചെന്നപ്പോൾ ക്വട്ടേഷൻ നൽകിയവർ കൈമലർത്തുകയാണത്രേ.
2023 ജൂൺ ഏഴാം തീയ്യതിയാണ് അഭിഭാഷകയായ അഞ്ജലി, മീററ്റിലെ ഉമേഷ് വിഹാർ കോളനിയിലെ വീടിന് സമീപം വെടിയേറ്റ് മരിച്ചത്. തൊട്ടുപിന്നാലെ അഞ്ജലിയുടെ മുൻ ഭർത്താവിനെയും ഏതാനും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. എന്നാൽ ഇവരെ പിന്നീട് വിട്ടയച്ചു. മുൻഭർത്താവ് നിതിൻ ഗുപ്തയുടെ പേരിലുള്ള വീട്ടിലാണ് അഞ്ജലി താമസിച്ചിരുന്നത്. ഈ വീട് ഭർത്താവും ബന്ധുക്കളും ചേർന്ന് മറ്റ് രണ്ട് പേർക്ക് വിറ്റെങ്കിലും അവിടെ നിന്ന് ഒഴിഞ്ഞുകൊടുക്കാൻ അഞ്ജലി തയ്യാറായില്ല. ഇതിനെച്ചൊല്ലി തർക്കം നിലനിന്നിരുന്നു.
പൊലീസ് അന്വേഷണം മുന്നോട്ടുപോകവെ, വീട് വാങ്ങിയവരാണ് വാടക കൊലയാളികളെ ഏർപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. രണ്ട് ലക്ഷം രൂപയായിരുന്നത്രെ കൊലപാതകത്തിന് പ്രതിഫലം. ഈ കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തിലൊരാളായ നീരജ് ശർമ അടുത്തിടെ ജാമ്യത്തിലിറങ്ങി. ഇയാൾ ഇപ്പോൾ പൊലീസിനോട് നടത്തിയ വെളിപ്പെടുത്തൽ പ്രകാരം കൊല്ലപ്പെട്ട അഞ്ജലിയുടെ ഭർത്താവിനും ബന്ധക്കുൾക്കും ഈ കൊലയിൽ പങ്കുണ്ടായിരുന്നു.
ഭർത്താവും അടുത്ത ബന്ധുക്കളും 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അഡ്വാൻസായി വാങ്ങിയ ഒരു ലക്ഷം മാത്രമേ തനിക്ക് കിട്ടിയിട്ടുള്ളൂ. ബാക്കി പണം വാങ്ങാൻ കഴിയും മുമ്പ് അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയപ്പോൾ ബാക്കി 19 ലക്ഷം രൂപ വാങ്ങാൻ വീട്ടിലേക്ക് ചെന്നെങ്കിലും അവർ കൈമലർത്തി. അഞ്ജലിയുടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ഇയാളുടെ ആവശ്യം. കൊലപാതകത്തിൽ ഇവരുടെ പങ്ക് തെളിയിക്കുന്നതിന് ആവശ്യമായ കോൾ റെക്കോർഡിങുകൾ ഉൾപ്പെടെ ഇയാൾ പൊലീസിന് കൈമാറുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ