എം പോക്സിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം; ആശുപത്രികളിൽ പ്രത്യേക സജ്ജീകരണം, അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം

By Web TeamFirst Published Sep 8, 2024, 7:29 PM IST
Highlights

12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ച്  മൂന്നാഴ്ചക്ക് ശേഷമാണ് ഇന്ത്യയില്‍ സംശയകരമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ദില്ലി:ഇന്ത്യയില്‍ ഒരാളിലെ എം പോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദില്ലിയിലെ ആർഎംഎൽ, സഫ്ദർജംഗ്,ലേഡി ഹാർഡിങ് മുതലായ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും  പ്രധാന അതിർത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗനിർണ്ണയത്തിന്‍റെ ഭാഗമായി രാജ്യത്താകമാനം 32 ലാബുകളും തുടങ്ങിയിട്ടുണ്ട്. രോഗലക്ഷണങ്ങളെ കുറിച്ച് കൃത്യമായ അവബോധം ആരോഗ്യപ്രവർത്തകർക്ക് നൽകാനായുള്ള നടപടികളും ഇതിനകം കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

Latest Videos

ഇന്ന് വൈകുന്നേരം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് രാജ്യത്ത് ഒരാളില്‍ എംപോക്സ് സംശയിക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല. എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയിൽ രോഗി നിരീക്ഷണത്തിലാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ക്രമീകരണങ്ങളും രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ച്  മൂന്നാഴ്ചക്ക് ശേഷമാണ്  ഇന്ത്യയില്‍ സംശയകരമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത പനി, തലവേദന, പേശികള്‍ക്ക് വേദന, ദേഹമാസകലം തിണര്‍പ്പ് ഇതൊക്കെയാണ് രോഗ ലക്ഷണങ്ങള്‍. വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും.

ഇന്ത്യയില്‍ എംപോക്സ് ലക്ഷണങ്ങളോടെ യുവാവ് നിരീക്ഷണത്തിൽ; ആരോഗ്യനിലയില്‍ ആശങ്കയില്ല, ലക്ഷണങ്ങളിവയാണ്


 

tags
click me!