വയോധികയെ മരുമകളും ബന്ധുക്കളും ചേർന്ന് മ‍ർദിക്കുന്നത് വീട്ടിലെ സിസിടിവിയിൽ, തടയാൻ ശ്രമിച്ച മകനും മർദനമേറ്റു

ഭർതൃ വീട്ടിൽ തർക്കമുണ്ടായപ്പോൾ യുവതി തന്റെ വീട്ടിൽ നിന്ന് അച്ഛനെയും സഹോദരനെയും കൂടി വിളിച്ചുവരുത്തുകയായിരുന്നുു എന്നാണ് റിപ്പോർട്ട്


ഗ്വാളിയോർ: 70കാരിയായ വയോധികയെ മരുമകളും മരുമകളുടെ ബന്ധുക്കളും ചേർന്ന് ക്രൂരമായി മ‍ർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വയോധികയെ നിലത്തേക്ക് തള്ളിയിടുന്നതും പുറത്ത് ഇടിക്കുന്നതും തല ചുവരിലേക്ക് പിടിച്ച് ഇടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വൃദ്ധസദനത്തിലേക്ക് പോകാൻ ആവശ്യപ്പെട്ടായിരുന്നു മ‍ർദനമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

വീട്ടിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വയോധികയുടെ മകന്റെ ഭാര്യ, തന്റെ  കുടുംബാംഗങ്ങളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ്  മർദിച്ചതെന്ന്  റിപ്പോർട്ടുകൾ പറയുന്നു. തടയാൻ ശ്രമിച്ച യുവതിയുടെ ഭ‍ർത്താവിനെയും ഭാര്യ വീട്ടുകാർ മർദിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി ലഭിച്ചത് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Latest Videos

70കാരിയായ സർള ബത്ര തന്റെ മകൻ വിശാലിനും മരുമകൾ നീലിമയ്ക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് കഴിഞ്ഞുവരുന്നത്. എന്നാൽ മരുമകൾക്ക് തന്റെ സ്വത്ത് ഉടമപ്പെടുത്തിയ ശേഷം തന്നെ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്നായിരുന്നു ആഗ്രഹമെന്ന് സർള പറയുന്നു. ഏതാനും ദിവസം മുമ്പ് വീട്ടിലെ ചെറിയ ചില കാര്യങ്ങളുടെ പേരിൽ സർളയും മരുമകളും തമ്മിൽ തർക്കമുണ്ടായി. ഇതിൽ ഇടപെടാൻ നീലിമയുടെ ഭ‍ർത്താവ് ശ്രമിച്ചതോടെ യുവതി തന്റെ വീട്ടിൽ നിന്ന് അച്ഛനെയും സഹോദരനെയും കൂടി വിളിച്ചുവരുത്തുകയായിരുന്നു. ഇവർ വീട്ടിലേക്ക് ഇരച്ച് കയറി നീലിമയുടെ ഭർത്താവിനെ മർദിക്കുയും സർളയെ അസഭ്യം പറയുകയും ചെയ്തു എന്നാണ് ആരോപണം. ഇതിനിടെ സർള മകനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് നീലിമ ഇവരെ ആക്രമിച്ചത്. ചവിട്ടുകയും അടിച്ച് നിലത്തിടുകയും തല ചുവരിലേക്ക് ചേർത്ത് വെച്ച് അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ച് പരാതിപ്പെട്ടെങ്കിലും പ്രതികളുടെ സ്വാധീനത്താൽ പൊലീസ് ആദ്യം നടപടിയെടുക്കാൻ തയ്യാറായില്ലെന്നും ഇവ‍ർ ആരോപിക്കുന്നു. പിന്നീട് ഉയർന്ന ഉദ്യോഗസ്ഥരെ സമീപിച്ച ശേഷമാണത്രെ എഫ്ഐആർ രജിസ്റ്റ‍ർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതായി ഗ്വാളിയോർ ഹെഡ്ക്വാർട്ടേഴ്സ് ഡിഎസ്‍പി റോബിൻ ജെയിൻ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും ചില കുടുംബ പ്രശ്നങ്ങൾ സംഘർഷത്തിന് വഴിമാറുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാവുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!