വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ പ്രതി തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു; വെടിവെച്ച് കൊന്ന് ചെന്നൈ പൊലീസ്

ചെന്നൈയിൽ മാല മോഷണക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. 

CCTV visuals lead police to airport and they scanned the face of everyone there until they get the duo

ചെന്നൈ: നിരവധി മാല മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ തെളിവെടുപ്പിനിടെ ചെന്നൈ പൊലീസ് വെടിവെച്ചു കൊന്നു. പൊലീസ് ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. ബുധനാഴ്ച രാവിലെ താരാമണി റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം.

അടയാറിലും ബസന്ത് നഗറിലും, ഈസ്റ്റ് കോസ്റ്റ് റോഡിലും രാവിലെ നടക്കാനിറങ്ങിയ നിരവധിപ്പേരുടെ മാല പൊട്ടിച്ച കേസിലാണ് ജാഫർ ഗുലാം ഹുസൈൻ (28), മാർസിങ് അംജാത് എന്നിവരെ പൊലീസ് പിടികൂടിയത്. മോഷണം നടത്തിയ ശേഷം നാട്ടിലേക്ക് മുങ്ങാനായി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇരുവരും ബോർഡിങ് പാസ് കൈപ്പറ്റി ഡൽഹിയിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോഴായിരുന്നു പൊലീസ് സംഘം തേടിയെത്തിയത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം ഒന്നുമറിയാത്ത പോലെ അഭിനയിച്ചു. കുടുംബാംഗങ്ങളെ കാണാൻ നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു.

Latest Videos

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. മോഷണ മുതലുമായി സംഘത്തിലെ മൂന്നാമൻ ട്രെയിനിൽ പോകുന്നുണ്ടെന്ന വിവരം ഇവരിൽ നിന്ന് ലഭിച്ചു. ആർപിഎഫിന് വിവരം കൈമാറി ഇയാള ആന്ധ്രയിലെ നെല്ലൂർ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് അറസ്റ്റ് ചെയ്തു. മൂന്നൂറിലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പൊലീസ് പ്രതികളെ കണ്ടെത്തിയത്. പുലർച്ചെ ബൈക്കിലെത്തിയ ഇവർ എട്ട് പേരുടെ മാലകൾ മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് ഇവർ ചെന്നൈ വിമാനത്താവളത്തിലേക്കാണ് പോയതെന്ന് പൊലീസ് കണ്ടെത്തിയത്.  പിന്നാലെ പാർക്കിങ് ലോട്ടിൽ നിന്ന് ഇവരുടെ വാഹനം കണ്ടെത്തുകയും ചെയ്തു. പിന്നീട് മണിക്കൂറുകളോളം ആളുകളെ നിരീക്ഷിച്ച് രൂപസാദൃശ്യം കണ്ട് മനസിലാക്കിയാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസ് പ്രതികളെ താരാമണി റെയിൽവെ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഇവിടെ വെച്ചായിരുന്നു സംഘാംഗങ്ങൾ മോഷണ മുതലുകൾ ഒളിപ്പിക്കാനുള്ള ക്രമീകരണങ്ങളുണ്ടാക്കിയത്. എന്നാൽ ഇവിടെ വെച്ച് ഹുസൈൻ ഒരു പൊലീസ് ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ വാദം. തുടർന്ന് അപ്പോൾ തന്നെ വെടിവെച്ച് കൊല്ലുകയായിരുന്നു. 2020 മുതൽ 50 പിടിച്ചുപറി കേസുകളിലെങ്കിലും പ്രതിയായ ഇയാളെ മഹാരാഷ്ട്ര പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ചെന്നൈ പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!