കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മോദിക്കൊപ്പമുണ്ടായിരുന്നു.
ദില്ലി: നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി ആർഎസ്എസിനെ രാജ്യപൈതൃകം ഉയർത്തിപ്പിടിക്കുന്ന മഹാ ആൽമരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനും ലക്ഷക്കണക്കിനാളുകളെ പഠിപ്പിച്ച സംഘടനയാണ് ആർഎസ്എസ് എന്നും മോദി വ്യക്തമാക്കി. തൻറെ ജീവിതത്തിന് വഴികാട്ടിയത് ആർഎസ്എസാണും പറഞ്ഞ നരേന്ദ്ര മോദി സംഘവുമായി ഒരു ഭിന്നതയും ഇല്ലെന്ന സന്ദേശം നല്കാനാണ് ശ്രമിച്ചത്.
രാവിലെ ആർഎസ്എസ് സ്ഥാപകരായ കെബി ഹെഡ്ഗേവാർ, എംഎസ് ഗോൾവാക്കർ എന്നിവരുടെ സ്മൃതി മണ്ഡപത്തിലും ബിആർ അംബേദ്ക്കറുടെ ദീക്ഷാ ഭൂമിയിലും എത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്തെ മാധവ് നേത്രാലയയുടെ വികസനപദ്ധതി ഉദ്ഘാടനം ചെയ്തത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് മോദിക്കൊപ്പം ഉണ്ടായിരുന്നു.
സേവനത്തിന്‍റെ കാര്യത്തിൽ സമാനതകളില്ലാത്ത പ്രസ്ഥാനം എന്നാണ് പിന്നീട് മോദി ആർഎസ്എസിനെ വിശേഷിപ്പിച്ചത്. തന്‍റെ ജീവിതത്തിന് വഴി കാട്ടിയത് ആർഎസ്എസ് ആണ്. കുംഭമേളയിലടക്കം ആർഎസ്എസ് നടത്തിയ സേവനത്തെ മോദി പ്രകീർത്തിച്ചു. കഴിഞ്ഞ നൂറൂവർഷവും ഇന്ത്യയുടെ സംസ്കാരവും മൂല്യങ്ങളും ഉയർത്തിപിടിച്ച സംഘടനയെന്നും മോദി വിശേഷിപ്പിച്ചു.
പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായി ആർഎസ്എസ് ആസ്ഥാനത്തെത്തിയ മോദി സംഘത്തിൻറെ പൂർണ്ണ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം കൂടിയാണ് നടത്തിയത്. കഴിഞ്ഞ പത്തു കൊല്ലത്തിൽ ആർഎസ്എസിനെ ഇത്രയും പുകഴ്ത്തി മോദി സംസാരിക്കുന്നതും ഇതാദ്യം. ലോക്സഭ തെരഞ്ഞെടുപ്പിൽ ആർഎസ്എസുമായുണ്ടായിരുന്ന ഭിന്നത ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ ബിജെപി പരിഹരിച്ചിരുന്നു. മോദി അടുത്ത നേതൃത്വത്തിന് വഴിമാറിക്കൊടുക്കണം എന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നു എന്ന അഭ്യൂഹങ്ങൾ പോലും ഉയർന്ന ശേഷം നടത്തിയ ഈ സന്ദർശനത്തിലൂടെ സംഘവുമായി അകൽച്ചയില്ല എന്ന സന്ദേശം തന്നെയാണ് പ്രധാനമന്ത്രി നല്കിയിരിക്കുന്നത്.