ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും, ഇന്ത്യ സഖ്യം ബില്ലിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: വഖഫ് നിയമ ഭേദഗതിയിൽ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്. ബില്ല് പാസാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാരിസ് ബീരാൻ എംപി പറഞ്ഞു. ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മുനമ്പം വിഷയവും വഖഫ് നിയമവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും മുനമ്പത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും ഹാരിസ് ബീരാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ ജനാധിപത്യ രീതിയിലല്ല ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. ചർച്ചയെന്ന പേരിൽഒരു പ്രഹസനം നടത്തി ബില്ല് പാസാക്കാനാണ് ശ്രമം. ജെഡിയുവും ടിഡിപിയും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമോയെന്ന് വ്യക്തമല്ല. എന്നാൽ ഇന്ത്യ സഖ്യത്തിലെ എല്ലാ കക്ഷികളും ബില്ലിനെ ശക്തമായി എതിർക്കുന്ന നിലപാട് തന്നെ സ്വീകരിക്കുമെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
ഏത് ഭരണഘടനാ വിരുദ്ധ നിയമം വേണമെങ്കിലും പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെങ്കിൽ പാസാക്കാം. പക്ഷേ അത് ഭരണഘടനയ്ക്ക് വിരുദ്ധമാണോയെന്ന് തെളിയിക്കേണ്ടത് പിന്നെ കോടതികൾക്ക് മുന്നിലാണ്. വഖഫ് ബില്ല് പാർലമെന്റ് പാസാക്കുമെങ്കിൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഹാരിസ് ബീരാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം