യാഥാസ്ഥിതികരെന്ന് വിളിച്ചോളൂ, പക്ഷേ ഇത് നമ്മുടെ സമൂഹത്തിന് ചേർന്നതല്ല; 44 വയസുകാരിയുടെ ഹര്‍ജിയിൽ സുപ്രീം കോടതി

By Web TeamFirst Published Feb 6, 2024, 10:29 AM IST
Highlights

നമ്മൾ പടിഞ്ഞാറൻ രാജ്യങ്ങളെപ്പോലെയല്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണം. വിവാഹമെന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും എന്നാൽ ഞങ്ങളെ യാഥാസ്ഥിതികരെന്ന് വിളിക്കാമെന്നും കോടതി പറ‌ഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് വിവാഹമെന്ന സംവിധാനം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും വിവാഹിതരല്ലാതെ സ്ത്രീകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് സാധാരണയായ പടിഞ്ഞാറൻ രാജ്യങ്ങളെപ്പോലെ ആവാൻ കഴിയില്ലെന്നും സുപ്രീം കോടതി. അവിവാഹിതയായ സ്ത്രീയെ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോര്‍ജ് എന്നിവരുടെ ബഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

44 വയസുള്ള അവിവാഹിതയായ സ്ത്രീയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. വിവാഹത്തിലൂടെയല്ലാതെ കുട്ടികളെ വളർത്തുന്നത്  ഇന്ത്യൻ സമൂഹത്തിന്റെ രീതികള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹിതയായ ശേഷം അമ്മയാവുകയാണ് ഇവിടുത്തെ നിയമം. വിവാഹമെന്ന രീതിക്ക് പുറത്ത് അമ്മയാവുന്നത് ഇവിടെ നിലവിലുള്ള നിയമമല്ല. അതിൽ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. രാജ്യത്ത് വിവാഹമെന്ന സംവിധാനം നിലനില്‍ക്കണോ വേണ്ടയോ? നമ്മൾ പടിഞ്ഞാറൻ രാജ്യങ്ങളെപ്പോലെയല്ല. വിവാഹമെന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഞങ്ങളെ യാഥാസ്ഥിതികരെന്ന് വിളിക്കാം. അത് ഞങ്ങൾ സ്വീകരിക്കുന്നു - ജസ്റ്റിസ് നാഗരത്ന പറഞ്ഞു. 

Latest Videos

വാടക ഗര്‍ഭധാരണ നിയമത്തിലെ 2(എസ്) വകുപ്പ് വിവേചനപരമാണെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. വിധവയോ വിവാഹമോചിതയോ ആയ 35നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയെയാണ് നിയമപ്രകാരം വാടക ഗര്‍ഭധാരണത്തിന് അനുവദിക്കുന്നത്. അവിവാഹിതര്‍ക്ക് ഇതിനുള്ള അവകാശം നിഷേധിക്കുന്നത് വിവേചനപരമാണെന്ന്, ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരി കൂടിയായ ഹര്‍ജിക്കാരി ആരോപിച്ചു. എന്നാൽ വിവാഹം ചെയ്യാനോ അല്ലെങ്കിൽ കുട്ടിയെ ദത്തെടുക്കാനോ ആയിരുന്നു കോടതിയുടെ ഉപദേശം. തനിക്ക് വിവാഹിതയാവാൻ താത്പര്യമില്ലെന്നും ദത്തെടുക്കാൻ കാത്തിരിക്കേണ്ട കാലയളവ് വളരെ വലുതാണെന്നും യുവതി അറിയിക്കുകയായിരുന്നു.

വിവാഹമെന്ന സംവിധാനത്തെ ഒന്നാകെ വലിച്ചെറിയാൻ ആവില്ലെന്ന് കോടതി പറഞ്ഞു. 44-ാം വയസിൽ വാടക ഗ‍ർഭധാരണത്തിലൂടെ കുട്ടിയെ വളര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിൽ എല്ലാം നേടാനാവില്ല. വിവാഹിതയാവാൻ ഹര്‍ജിക്കാരിക്ക് താത്പര്യമില്ല. സമൂഹത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തങ്ങള്‍ക്കും ആശങ്കയുണ്ട്. നിരവധി കുട്ടികൾക്ക് അച്ഛനും അമ്മയും ആരെന്ന് അറിയാത്ത പടിഞ്ഞാറൻ രാജ്യങ്ങളെപ്പോലെയല്ല നമ്മൾ. ശാസ്ത്രം ഏറെ പുരോഗമിച്ചെങ്കിലും സമൂഹത്തിലെ നിയമങ്ങള്‍ അതുപോലെയല്ലെന്നും അത് ചില നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും കോടതി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!